|
|
വൈവിധ്യവൽക്കരണത്തിന്റെ കപ്പൽച്ചാലുകളിലൂടെയാണു കൊച്ചിൻ ഷിപ്‍യാഡിന്റെ (സിഎസ്എൽ) കുതിപ്പ്. ചെറുയാനങ്ങളും യാത്രക്കപ്പലുകളും വാട്ടർ മെട്രോ ബോട്ടുകളും മുതൽ കൂറ്റൻ മണ്ണുമാന്തിക്കപ്പലും അന്തർവാഹിനി പ്രതിരോധയാനങ്ങളും വിമാനവാഹിനിക്കപ്പലുകളുംവരെ നിർമിക്കുന്ന ഏക ഇന്ത്യൻ കപ്പൽശാലയാണിത്. തികച്ചും വ്യത്യസ്തമായ മൂന്ന് ഇനം കപ്പലുകൾ നീറ്റിലിറക്കി ചരിത്രം സൃഷ്ടിക്കുകയാണിപ്പോൾ സിഎസ്എൽ. ഏകദേശം 800 കോടി രൂപ ചെലവിട്ടു നിർമിക്കുന്ന ട്രെയ്‌ലിങ് സക്‌ഷൻ ഹോപ്പർ ഡ്രജർ (മണ്ണുമാന്തിക്കപ്പൽ), 700 കോടി രൂപ ചെലവുള്ള ആന്റി സബ്‌്‌മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് (അന്തർവാഹിനി പ്രതിരോധ യാനം), 500 കോടി ചെലവിടുന്ന കമ്മിഷനിങ് സർവീസ് ഓപ്പറേഷൻ വെസൽ (പുറങ്കടൽ കാറ്റാടിപ്പാടങ്ങൾക്കുള്ള സർവീസ് യാനം) എന്നിവയാണ് ഇന്നു നീറ്റിലിറക്കുന്നത്. ഒരു കപ്പൽശാലയുടെ സാങ്കേതികശേഷിക്കും തൊഴിൽ നൈപുണ്യത്തിനും മറ്റെന്തു സാക്ഷ്യം വേണം!
‘ചിപ് ആയാലും ഷിപ് ആയാലും ഇന്ത്യയിൽത്തന്നെ നിർമിക്കണം’ – സെപ്റ്റംബർ 20നു ഗുജറാത്തിലെ മാരിടൈം സമ്മേളനത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ ആഹ്വാനം. 34,200 കോടിയിലേറെ രൂപയുടെ മുതൽമുടക്കുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും അദ്ദേഹം അന്നു നിർവഹിച്ചു. നാലു ദിവസത്തിനു ശേഷം മാരിടൈം മേഖലയ്ക്കായി പ്രഖ്യാപിച്ചത് 69,725 കോടി രൂപയുടെ ആനുകൂല്യങ്ങളാണ്. ഷിപ്പിങ്ങും തുറമുഖങ്ങളുമെല്ലാം ഉൾപ്പെടുന്ന മാരിടൈം മേഖലയിൽ വൻകുതിപ്പാണു കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. രാജ്യത്തെ വലിയ പൊതുമേഖലാ കപ്പൽ നിർമാണശാലകളിലൊന്നായ സിഎസ്എലാണു ഷിപ് ബിൽഡിങ് – ഷിപ് റിപ്പയർ മേഖലയിലെ ഇന്ത്യൻ കുതിപ്പിനു ചുക്കാൻ പിടിക്കുന്നത്.
വിദേശ കമ്പനിക്കായി എൽഎൻജി കണ്ടെയ്നർ കപ്പലുകൾ നിർമിക്കുന്ന ആദ്യ ഇന്ത്യൻ കപ്പൽ നിർമാണശാലയെന്ന നേട്ടത്തിലേക്കു സിഎസ്എൽ ആദ്യചുവടു വച്ചതു കഴിഞ്ഞദിവസമാണ്. ഫ്രഞ്ച് ലോജിസ്റ്റിക്സ് – ഷിപ്പിങ് കമ്പനിയായ സിഎംഎ സിജിഎം ഗ്രൂപ്പിനു വേണ്ടി 6 പുതിയ 1700 ടിഇയു ഡ്യുവൽ-ഫ്യുവൽ എൽഎൻജി കണ്ടെയ്നർ കപ്പലുകളാണു സിഎസ്എൽ നിർമിക്കുക. വിദേശ കമ്പനികൾക്ക് ഉൾപ്പെടെ വാണിജ്യയാനങ്ങളും പ്രതിരോധവകുപ്പിനുവേണ്ടി വ്യത്യസ്ത ഇനം യാനങ്ങളും നിർമിക്കുന്ന സിഎസ്എലിനു കൈനിറയെ ഓർഡറുകളുണ്ട്. ഇപ്പോഴുള്ളത് 19,500 കോടി രൂപയുടെ കരാറുകളാണ്. ഇന്ത്യ നിർമിക്കാൻ ലക്ഷ്യമിടുന്ന രണ്ടാമത്തെ വിമാനവാഹിനിക്കപ്പലിന്റെ കരാറാണ് ഏറ്റവും വലിയ പ്രതീക്ഷകളിലൊന്ന്. കേന്ദ്രസർക്കാർ പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും, ആദ്യത്തെ വിമാനവാഹിനിയായ ഐഎൻഎസ് വിക്രാന്ത് നിർമിച്ചു മികവു കാട്ടിയ സിഎസ്എലിനുതന്നെ ആദ്യ പരിഗണന ലഭിക്കുമെന്നാണു വിലയിരുത്തൽ.
സിഎസ്എൽ കേരളത്തിന്റെ അതിരുകൾക്കപ്പുറത്തേക്കു വളർന്നിട്ടു കാലങ്ങളായി. ബംഗാളിലെ ഹൂഗ്ലി കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡും (എച്ച്സിഎസ്എൽ) കർണാടകയിലെ ഉഡുപ്പി കൊച്ചിൻ ഷിപ്‌യാഡും (യുസിഎസ്എൽ) സിഎസ്എലിന്റെ ഉപസ്ഥാപനങ്ങളാണ്. മുംബൈ തുറമുഖത്തെ ഷിപ് റിപ്പയർ യൂണിറ്റും കൊൽക്കത്ത ഷിപ് റിപ്പയർ യൂണിറ്റും ആൻഡമാൻ നിക്കോബാർ ദ്വീപിലെ ഷിപ് റിപ്പയർ യൂണിറ്റും കൂടി ചേരുമ്പോൾ കൊച്ചിൻ ഷിപ്‌യാഡ് അക്ഷരാർഥത്തിൽ ‘ഇന്ത്യൻ ഷിപ്‌യാഡ്’ ആയി മാറുന്നു. ആഗോള കപ്പൽ നിർമാണ വ്യവസായത്തിൽ ഇന്ത്യയുടെ വിഹിതം ഇപ്പോഴും കുറവാണ്. അതുകൂടി തിരിച്ചറിഞ്ഞാണ് ലോകത്തെതന്നെ വൻകിടക്കാരായ എച്ച്ഡി കൊറിയ ഷിപ് ബിൽഡിങ് ആൻഡ് ഓഫ്‌ഷോർ എൻജിനീയറിങ്ങുമായി (എച്ച്ഡി കെഎസ്ഒഇ) സിഎസ്എൽ ധാരണാപത്രം ഒപ്പുവച്ചത്. സിഎസ്എലിന്റെ വൈദഗ്ധ്യം വളരുന്നതു രാജ്യത്തിന്റെ കപ്പൽ നിർമാണമേഖലയ്ക്കാകെ ഗുണകരമാകും.
വലിയ നഷ്ടങ്ങൾ നേരിട്ട ഒരു കാലം പിന്നിട്ടാണ് കൊച്ചി കപ്പൽശാല കഴിഞ്ഞ മൂന്നു ദശാബ്ദത്തോളമായി അഭിമാനനേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുന്നത്. സിഎസ്എലിന്റെ വിപണിമൂല്യം ഏകദേശം 47,114 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തികവർഷം 5209.02 കോടി രൂപയായിരുന്നു വരുമാനം. അറ്റാദായം 827 കോടി രൂപയും. ‘സിഎസ്എൽ ഒരു പൊതുമേഖലാ സ്ഥാപനമാണെങ്കിലും പ്രവർത്തിക്കുന്നതൊരു കോർപറേറ്റ് കമ്പനി പോലെയാണ്. ഞങ്ങളുടെ ജീവനക്കാരുടെ മികവു തന്നെയാണു സിഎസ്എലിന്റെ കരുത്ത് ’ – ചെയർമാനും മാനേജിങ് ഡയറക്ടറുമായ മധു എസ്.നായരുടെ വാക്കുകളിൽനിന്നു വായിച്ചെടുക്കാം, കൊച്ചിൻ ഷിപ്‌യാഡിന്റെ വിജയമന്ത്രം. English Summary:
Cochin Shipyard Achieves Milestone with Triple Launch: Cochin Shipyard Limited is at the forefront of India\“s shipbuilding achievements, constructing diverse vessels. The shipyard is making history by launching three distinct types of ships simultaneously, demonstrating its technical capabilities and skilled workforce. This advancement strengthens India\“s position in the global maritime sector and aligns with the Atmanirbhar Bharat initiative. |
|