|
|
കോട്ടയം ∙ ഒരു കാറുമായി റോഡിലിറങ്ങി ജില്ലയിലെ ബസ് വ്യവസായത്തിന് ഡബിൾ ബെല്ലടിച്ചയാളാണ് അന്തരിച്ച കുന്നത്തുകുഴി ജോർജ് തോമസ് എന്ന എക്സ്പോ അപ്പച്ചൻ. അദ്ദേഹത്തിന്റെ ‘എക്സ്പോ’ ബസുകൾ ഒരുകാലത്ത് കോട്ടയത്തെ ഗ്രാമങ്ങളുടെ യാത്രാ വാഹനമായിരുന്നു. പിന്നീട് ടൂറിസ്റ്റ് ബസ് വ്യവസായത്തിലേക്ക് മക്കൾ എക്സ്പോയെ മാറ്റിയെങ്കിലും അപ്പച്ചൻ ‘റൂട്ട് ബസിൽ’ തുടർന്നു. 15 വർഷം മുൻപ് പാലായിലേക്ക് എക്സ്പോ സർവീസ് അങ്ങനെയാണ് തുടങ്ങുന്നത്.
കയ്യിലുണ്ടായിരുന്ന പണമെല്ലാം നുള്ളിപ്പെറുക്കിയെടുത്ത് 59 വർഷം മുൻപാണ് അദ്ദേഹം ആദ്യ ബസ് കോട്ടയത്ത് വാങ്ങിയത്. 1.20 ലക്ഷം രൂപയാണ് അന്ന് ചെലവായതെന്ന് അദ്ദേഹം പിന്നീട് മക്കളോട് പറഞ്ഞു. കോട്ടയം– കുടമാളൂർ– അതിരമ്പുഴ– ഏറ്റുമാനൂർ വഴി പുന്നത്തറയിലേക്കായിരുന്നു സർവീസ്. പുന്നത്തറയിലേക്കുള്ള ആദ്യബസായിരുന്നു അത്. പിന്നീട് മെഡിക്കൽ കോളജും പിന്നാലെ യൂണിവേഴ്സിറ്റിയും വന്നപ്പോൾ കോട്ടയത്തുനിന്നു രാവിലെയും വൈകിട്ടും ‘എക്സ്പോ’ കാത്ത് സ്ഥിരയാത്രക്കാർ ഉണ്ടായിരുന്നു. എന്നും ബസ് കൃത്യസമയത്ത് എത്തുമെന്നുറപ്പാക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നുവെന്നു മകൻ സുനിൽ പറഞ്ഞു. ഏതെങ്കിലും ബസ് കേടായാൽ ഉടനെ തന്നെ മറ്റൊരു ബസ് എത്തിച്ച് യാത്ര മുടങ്ങാതെ നോക്കും. ബസ് കാത്തുനിന്ന ആരും ലക്ഷ്യസ്ഥാനത്ത് എത്താതെ പോകരുതെന്ന ആ വാശിയെ നാട്ടുകാർ സ്നേഹത്തോടെ വിളിച്ച മറുപേരാണ് ‘എക്സ്പോ അപ്പച്ചൻ’.
15 ബസ് വരെ അദ്ദേഹത്തിന് ഉണ്ടായിരുന്നു. പുന്നത്തറ അടക്കം ഗ്രാമങ്ങളിലേക്കുള്ള രാത്രിയിലെ അവസാന സർവീസ് ഒരിക്കലും മുടക്കരുതെന്നായിരുന്നു നിലപാട്. സെക്കൻഡ് ഷോ അവസാനിക്കുമ്പോഴായിരുന്നു ആ ബസുകൾ കോട്ടയത്തുനിന്ന് പുറപ്പെട്ടിരുന്നത്. ദീർഘകാലം ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ ജില്ലാ പ്രസിഡന്റായിരുന്നു. സംസ്ഥാന കമ്മിറ്റികളിലും അംഗമായി. മുതിർന്ന പൗരന്മാരുടെ സംഘടനകളുടെ നേതൃത്വത്തിലും പ്രവർത്തിച്ചു. English Summary:
Kottayam bus industry pioneer Kunnathukuzhy George Thomas, known as Expo Appachan, revolutionized local transport with his \“Expo\“ buses. Starting with a single bus, he built a fleet and a reputation for reliability, ensuring consistent service to rural areas and becoming a beloved figure in Kottayam\“s transport history. |
|