|
|
കല്ലടിക്കോട് ∙ മൂന്നേക്കർ മരുതുംകാട്ട് അയൽവാസികളായ നിധിൻ, ബിനു എന്നിവർ വെടിയേറ്റു മരിച്ചതിനു പിന്നിലെ കാരണം തിരഞ്ഞു പൊലീസ്. നിധിനെ വെടിവച്ചുകൊന്നശേഷം ബിനു സ്വയം വെടിവച്ചു ജീവനൊടുക്കിയതാണെന്നാണു നിഗമനം. ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നതായും വെടിയൊച്ച കേട്ടതായും ചിലർ പൊലീസിനു വിവരം നൽകിയിട്ടുണ്ട്. കുടുംബവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇവർ തമ്മിൽ വൈരാഗ്യം ഉണ്ടായിരുന്നതായി സൂചനയുണ്ട്. തർക്കവും മൽപിടിത്തവും ഉണ്ടായതായി സംശയിക്കുന്നു. ബിനുവിന്റെ വീട്ടിൽ നിന്നു 100 മീറ്റർ അകലെ വനത്തിലേക്കുള്ള റോഡിലാണു നിധിന്റെ വീട്. സംഭവം നടന്ന മരുതംകാട് കല്ലൻകുന്നിൽ അധികം ആൾത്താമസമില്ല.
READ ALSO
- ‘വണ്ടിക്കൂലി നൽകാൻ പണമുണ്ടായിരുന്നെങ്കിൽ എന്റെ മോൻ മരിക്കില്ലായിരുന്നു’: മരിച്ച നിധിന്റെ അമ്മ ഷൈല പറയുന്നു Palakkad
ഇരുവരും വെടിയേറ്റാണു മരിച്ചതെന്നു പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു. ബിനുവിന്റെ നെഞ്ചിലേറ്റ വെടിയുണ്ടയും നിധിന്റെ വലതു കൈക്കു മുകളിലായേറ്റ വെടിയുണ്ടയും ശരീരം തുളച്ചു പുറത്തുവന്നിരുന്നു. സ്ഥലത്തെത്തിയവരുടെയും ഇരുവരുടെയും കുടുംബാംഗങ്ങളുടെയും മൊഴികൾ രേഖപ്പെടുത്തും. ബിനുവിന്റെ മൃതദേഹത്തിനരികിൽ നിന്നു കണ്ടെടുത്ത തോക്കിനു ലൈസൻസില്ലെന്നാണു വിവരം. സാധാരണ മൃഗവേട്ടക്കാരാണ് ഇത്തരം തോക്കുകൾ ഉപയോഗിക്കാറ്.
ബിനുവിന്റെ അരയിലെ ബാഗിൽ നിന്നു 17 വെടിയുണ്ടകളും വീട്ടിൽ നിന്ന് 2 വെടിയുണ്ടകളും കണ്ടെത്തി. ദൂരദർശിനി, ഹെഡ്‌ലൈറ്റ് എന്നിവയും വീട്ടിൽ നിന്നു കിട്ടിയിട്ടുണ്ട്. എന്നാൽ മൊബൈൽ ഫോൺ കണ്ടെത്താനായിട്ടില്ല. 14ന് അട്ടപ്പാടിയിൽ പോയ ബിനു ഉച്ചയ്ക്കു 2.15ന് തിരിച്ചെത്തി വെടിയുണ്ടകളും തോക്കുമായി നിധിന്റെ വീട്ടിലെത്തി ഒരു മണിക്കൂറിനകം കൊലപാതകം നടത്തി ആത്മഹത്യ ചെയ്യാനുള്ള സാധ്യത പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രദേശത്തെ തച്ചൊടിയിൽ രാമചന്ദ്രനൊപ്പമാണു ബിനു അട്ടപ്പാടിയിൽ മരംമുറിക്കൽ പണിക്കു പോയത്. 15 മുതൽ വീണ്ടും പണിക്കു വരുമെന്നു പറഞ്ഞിരുന്നതായി രാമചന്ദ്രൻ പറഞ്ഞു.
വെടിയുണ്ടകളും കള്ളത്തോക്കും കണ്ടെത്തിയ സംഭവം വനം വകുപ്പും നിരീക്ഷിക്കുന്നുണ്ട്. നായാട്ടു സാധ്യത വിലയിരുത്തി മലയോരത്ത് നിരീക്ഷണവും അന്വേഷണവും ശക്തമാക്കുമെന്ന് മണ്ണാർക്കാട് ഡിഎഫ്ഒ സി.അബ്ദുൽ ലത്തീഫ് പറഞ്ഞു. ബിനുവിന്റെ മൃതദേഹം ബുധൻ വൈകിട്ട് 5.30 മുതൽ മരുതുംകാടുള്ള സഹോദരന്റെ ഭവനത്തിൽ എത്തിച്ചു. തുടർന്ന് ഐവർമഠത്തിൽ സംസ്കരിച്ചു. നിധിൻ കളപ്പുരയ്ക്കലിന്റെ മൃതദേഹം കരിമ്പ നിർമലഗിരി സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിൽ പൊതുദർശനത്തിന് ശേഷം സംസ്കാരം നടത്തി. കല്ലടിക്കോട് സിഐ ജി.എസ്.സജിക്കാണ് അന്വേഷണച്ചുമതല.
English Summary:
Kalladikode Murder is the focus of the investigation into the deaths of Nithin and Binu in Maruthumkad. The police suspect Binu shot and killed Nithin before committing suicide, potentially stemming from a family-related dispute. |
|