|
|
ഉസ്താദ് . സുകുമാരൻ
- Also Read ചിരിയുടെ സ്വന്തം വീട്
കേരളത്തിലെ ശിൽപഭംഗിയുള്ള പുരാതനക്ഷേത്രമാണ് ചെറുതുരുത്തിക്കടുത്തുള്ള നെടുമ്പുരയിലെ കുലശേഖരനല്ലൂർ ശിവക്ഷേത്രം. ചിത്രകലാവിദ്യാർഥികളായ മകനും സുഹൃത്തിനുമൊപ്പം അടുത്തിടെ അവിടെ പോയിരുന്നു. ക്ഷേത്രത്തിന്റെ ഗജപൃഷ്ഠാകൃതിയിലുള്ള ശ്രീകോവിലിനു മുന്നിൽ നിന്നപ്പോൾ എനിക്ക് തമിഴ് കവി സുകുമാരനെ ഓർമ വന്നു. തമിഴിലെ മുതിർന്ന കവി സുകുമാരന്റെ കുടുംബവേരുകൾ ഇതിനടുത്തെവിടെയോ ആണ്. മാഷ് ഒരിക്കൽ സംസാരത്തിനിടെ അക്കഥ സൂചിപ്പിച്ചിട്ടുണ്ട്. കുടുംബവേര് തേടി ക്ഷേത്രത്തിനടുത്തു വന്ന് അന്വേഷിച്ച് ഒന്നും കണ്ടെത്താൻ കഴിയാതെ പോയ ഒരനുഭവം.
സുകുമാരന്റെ ഏറ്റവും പുതിയ പുസ്തകം വായിച്ചു തുടങ്ങിയതാണ് ഇതെല്ലാം ഇപ്പോൾ ഓർമിക്കാൻ കാരണം. ഇതു കവിതാ പുസ്തകമല്ല. കവിയുടെ ആദ്യ കഥാസമാഹാരം. ഉസ്താദ്. 1983 മുതൽ 2025 വരെയുള്ള നാൽപത്തിരണ്ടു വർഷത്തിനിടെ കവി എഴുതിയ പത്തു തമിഴ് ചെറുകഥകൾ. സുകുമാരന്റെ എഴുത്തിന്റെ അൻപതാണ്ട് വായനക്കാരും സുഹൃത്തുക്കളും ചേർന്ന് ജൂലൈ 7ന് ചെന്നൈയിൽ ആഘോഷിച്ച വേദിയിലായിരുന്നു പ്രകാശനം.
പത്തു കഥകളിൽ അവസാനത്തേതായ കശിവ് ആണ് എന്നെ ആദ്യം ആകർഷിച്ചത്. അമ്മയുടെ വാക്കുകളിലൂടെ ചോർന്നു കിട്ടിയ തന്റെ ജന്മനാടിനെക്കുറിച്ചാണ് ഈ കഥ. നാടോർമകളിൽ തുടങ്ങുന്ന കഥ അവസാനിക്കുന്നത് എഴുപതുകളിലെ നക്സലൈറ്റ് രാഷ്ട്രീയാനുഭവത്തിലാണ്. അമ്മയിൽ നിന്നു ചോർന്നു കിട്ടിയ മലയാളത്തിലൂടെ വായിച്ചറിഞ്ഞ ഒരു കേരളരാഷ്ട്രീയ അനുഭവത്തിൽ കഥ അവസാനിക്കുന്നു. പുസ്തകത്തിൽ എന്നെ പിടിച്ചുലച്ച കഥ ശീർഷകകഥയായ ഉസ്താദ് തന്നെ. അത് കേരളത്തിന്റെ കഥയല്ല. എന്നാൽ എല്ലാ കേരളീയർക്കും മനസ്സിലാകുന്ന കഥ. സംഗീതത്തിന്റെ കഥ. ഉസ്താദ് എന്നാൽ സംഗീതം. ഉസ്താദ് ബിസ്മില്ലാ ഖാൻ. എന്നും പുലർച്ചെ കാശി വിശ്വനാഥ സ്വാമിയെ തുയിലുണർത്തുന്നത് ഇസ്‌ലാം മത വിശ്വാസിയായ ബിസ്മില്ലാ ഖാന്റെ ഷെഹ്നായ് വാദനമാണ്. ക്ഷേത്രത്തിലേക്ക് എന്നും പുലർച്ചെ കൊണ്ടുപോകാൻ വരുന്ന റിക്ഷാക്കാരൻ അന്നു വന്നില്ല. അതേ റിക്ഷയിൽ വന്നത് അപരിചിതനായ മറ്റൊരാൾ. പേര് കനയ്യ എന്നു പറഞ്ഞു. ആ കനയ്യ ഉസ്താദിന്റെ തൊണ്ടയിൽ അന്നാദ്യമായി വിളങ്ങിയ ഒരു രാഗമായി മാറുന്നതാണ് മനോഹരമായ ഈ കഥ. കഥ, അല്ല കല, ആസ്വാദകന്റെ കവിളിൽ ഒരു കണ്ണീർ വരിയായി മാറുന്ന അനുഭവം. തമിഴ് - മലയാളങ്ങളെ, സംഗീത- സാഹിത്യങ്ങളെ, തമ്മിലിണക്കുന്ന കഥപ്പാലമാകുന്നു ഉസ്താദ്. തമിഴ് പുസ്തകപ്രസാധന രംഗത്ത് വലിയ മാറ്റങ്ങൾക്കു തുടക്കം കുറിച്ചിട്ടുള്ള നൂൽവനം പബ്ലിക്കേഷനാണ് ഉസ്താദ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. English Summary:
Sunday Special: Sukumaran\“s short stories are a captivating blend of Tamil and Malayalam literary traditions. P. Raman reflects on Sukumaran\“s collection, highlighting the story \“Usthad\“ as a powerful narrative that transcends geographical boundaries and delves into the universal language of music and shared human experiences. |
|