|
|
തിരുവനന്തപുരം∙ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിന്റെയും ബില്ലുകൾ അംഗീകരിക്കാത്തതിന്റെയും പേരിൽ ഗവർണറുമായി സുപ്രീംകോടതിയിലടക്കം കഴിഞ്ഞ 5 വർഷം ഒട്ടേറെ നിയമപോരാട്ടം നടത്തിയ സർക്കാർ, ഇതിനായി എത്ര പണം ചെലവിട്ടു എന്നതിന് ഉത്തരമില്ല. ഗവർണറുമായി എന്തെല്ലാം നിയമവ്യവഹാരങ്ങളുണ്ടെന്നും ഏതെല്ലാം അഭിഭാഷകരെ ചുമതലപ്പെടുത്തിയെന്നും എത്ര തുക ഫീസ് ഇനത്തിൽ ചെലവിട്ടുവെന്നും വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണു നിയമവകുപ്പും അഡ്വക്കറ്റ് ജനറൽ ഓഫിസും കൈമലർത്തിയത്.
- Also Read രാഷ്ട്രപതി കേരളത്തിൽ; ഇന്നു ശബരിമല ദർശനം
എജിയുടെ ഓഫിസിൽനിന്നു വിവരം ലഭിക്കുമെന്നറിയിച്ച് ആർടിഐ അപേക്ഷ നിയമവകുപ്പ് അവിടേക്ക് അയച്ചെങ്കിലും, പല ഫയലിലും റജിസ്റ്ററിലുമാണു വിവരങ്ങളെന്നും ഉത്തരം നൽകാൻ സാധിക്കില്ലെന്നും എജി ഓഫിസ് മറുപടി നൽകി. ഇതിനിടെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലാ വി.സിമാരെ കണ്ടെത്തുന്നതിനു സേർച് കമ്മിറ്റി അധ്യക്ഷനായി സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് സുധാംശു ധൂലിയയ്ക്കു സിറ്റിങ് ഫീസായി സർക്കാർ 12 ലക്ഷം രൂപ അനുവദിച്ചു. സിറ്റിങ്ങിനു 3 ലക്ഷം രൂപ വച്ച്, നാലു സിറ്റിങ്ങിനാണു 12 ലക്ഷം രൂപ.
കണ്ണൂർ സർവകലാശാലാ വി.സിക്കു പുനർനിയമനം നൽകിയ കേസ് മുതലാണ് ഈ സർക്കാരിന്റെ കാലത്തു ഗവർണർ– സർക്കാർ നിയമയുദ്ധം തുടങ്ങിയത്. പല വി.സി നിയമനങ്ങളും പിന്നാലെ കോടതി കയറി. ബില്ലുകൾ ഒപ്പിടാത്തതിനെതിരെ സർക്കാരിന്റെ ഹർജി സുപ്രീംകോടതിയിലുണ്ട്. ഡിജിറ്റൽ, സാങ്കേതിക വി.സിമാരുടെ നിയമനം സംബന്ധിച്ച കേസുമുണ്ട്. സുപ്രീംകോടതിയിൽ സർക്കാരിനു വേണ്ടി ഡൽഹിയിലെ മുതിർന്ന അഭിഭാഷകരാണു ഹാജരാകുന്നത്. ഹൈക്കോടതിയിൽ ഗവർണറെ സഹായിക്കാൻ അഭിഭാഷകനുണ്ട്.
സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാരിന്റെ അഭിഭാഷകനെയോ, സ്വന്തം നിലയ്ക്കു മറ്റാരെയെങ്കിലുമോ ആണു ഗവർണർ ചുമതലപ്പെടുത്തുക. രണ്ടായാലും ഫീസ് നൽകണം. സർക്കാർ രാജ്ഭവന്റെ ചെലവിനു നൽകുന്ന ഫണ്ടിൽനിന്നു നിയമ നടപടിക്കു പണം കണ്ടെത്തുക. ഇരുകൂട്ടരും രണ്ടു ഭാഗത്തുനിന്നാണു വാദിക്കുന്നതെങ്കിലും നഷ്ടപ്പെടുന്നതു സർക്കാർ ഖജനാവിലെ പണമാണ്.
സർവകലാശാലകൾക്കു സ്റ്റാൻഡിങ് കോൺസൽ ഉണ്ടെങ്കിലും സർക്കാരും ചാൻസലറും രണ്ടു പക്ഷം പിടിക്കുന്ന കേസുകളിൽ ഇവർ ഹാജരാകാറില്ല. ഇത്തരം കേസുകൾ കൂടുതലായുണ്ടായത് ഈയിടെയായതിനാൽ ഏതു ഫണ്ട് ചെലവിടണമെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളുടെ താൽക്കാലിക വി.സി നിയമനവുമായി ബന്ധപ്പെട്ടുള്ള കേസ് വാദിച്ച അഭിഭാഷകർക്കുള്ള ഫീസ് ഇരു സർവകലാശാലകളും വഹിക്കണമെന്ന് അടുത്തയിടെ ചാൻസലർ നിർദേശിച്ചിരുന്നു. 11 ലക്ഷം രൂപ നൽകാനായിരുന്നു നിർദേശമെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്ന് എതിർപ്പുണ്ടായതോടെ ഈ തുക സർവകലാശാലകൾ കൈമാറിയിട്ടില്ല.
‘സർക്കാരിനെ സമ്മർദത്തിലാക്കരുത്’: പൂരം കലക്കലിന്റെ വിവരാവകാശത്തിൽ താക്കീത് നൽകി വീണ്ടും വിവാദം
തിരുവനന്തപുരം ∙ സർക്കാരിനെ സമ്മർദത്തിലാക്കുന്ന വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം കൈമാറുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ഗവ. ഉത്തരവിൽ പരാമർശം. പൂരം കലക്കൽ സംബന്ധിച്ച് വിവാദ വിവരാവകാശ മറുപടി നൽകിയ പൊലീസ് ആസ്ഥാനത്തെ പബ്ലിക് ഇൻഫർമേഷൻ ഓഫിസറും ഡിവൈഎസ്പിയുമായ എം.എസ്.സന്തോഷിനെ താക്കീതു ചെയ്തുകൊണ്ടുള്ള ഉത്തരവിലാണിത്. തെറ്റായ മറുപടി നൽകിയെന്ന പേരിൽ സന്തോഷിനെ സസ്പെൻഡ് ചെയ്യുകയും പിന്നീടു തിരിച്ചെടുക്കുകയും ചെയ്തിരുന്നു. വകുപ്പുതല അന്വേഷണം പൂർത്തിയാക്കി പുറത്തിറക്കിയ ഉത്തരവിലാണ് താക്കീതോടെ നടപടി അവസാനിപ്പിച്ചത്.
പൂരം കലക്കൽ സംബന്ധിച്ച് സർക്കാർ അന്വേഷണം നടത്താൻ തീരുമാനിച്ചെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെ അത്തരം അന്വേഷണം നടക്കുന്നില്ലെന്നു വ്യക്തമാക്കി മനോരമ ന്യൂസിനു സന്തോഷ് വിവരാവകാശ മറുപടി നൽകിയിരുന്നു. തനിക്കു ലഭിച്ച അപേക്ഷ തൃശൂർ സിറ്റി പൊലീസിലേക്കു സന്തോഷ് കൈമാറുകയായിരുന്നു. പൊലീസ് ആസ്ഥാനത്തെ ഓഫിസിലും വിവരം സമർപ്പിക്കാൻ സന്തോഷ് കുറിപ്പു നൽകി. അന്വേഷണത്തിനു തീരുമാനിച്ചിട്ടില്ലെന്നായിരുന്നു തൃശൂരിൽനിന്നു ലഭിച്ച മറുപടി. ഇൗ വിവരം വിവരാവകാശ നിയമപ്രകാരം പുറത്തുവന്നതാണ്, മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം നടക്കുന്നില്ലെന്ന വാർത്തയ്ക്കു കാരണമായത്. ഇതിനു പിന്നാലെ സന്തോഷിനെ സസ്പെൻഡ് ചെയ്തു.
വിവരാവകാശ നിയമപ്രകാരം തെറ്റായ വിവരം നൽകിയാൽ നടപടി നിർദേശിക്കേണ്ടത് വിവരാവകാശ കമ്മിഷനാണ്. ഇതു മറികടന്നാണ് ആഭ്യന്തരവകുപ്പ് സന്തോഷിനെ താക്കീതു ചെയ്ത് ഉത്തരവിറക്കിയത്. വിവരം നൽകാനും നൽകാതിരിക്കാനുമുള്ള പൂർണ സ്വാതന്ത്ര്യം പബ്ലിക് ഇൻഫർമേഷൻ ഓഫിസർക്കാണ്.
പുറത്തുവിടുന്ന വിവരം സർക്കാരിനെ സമ്മർദത്തിലാക്കുന്നതാണോ എന്ന് ഉദ്യോഗസ്ഥർ വിലയിരുത്തേണ്ടതില്ല. നിയമം ഇങ്ങനെയായിരിക്കെയാണ് സന്തോഷിനെ താക്കീതു ചെയ്ത ഉത്തരവിൽ ആഭ്യന്തര വകുപ്പ് നിയമവിരുദ്ധ പരാമർശം ഉൾപ്പെടുത്തിയത്. ഇതിനെതിരെ വിവരാവകാശ കമ്മിഷനു നടപടിയെടുക്കാം. English Summary:
Kerala\“s Legal Bill: Government Silent on Governor Dispute Expenses Amidst RTI Backlash |
|