|
|
കോഴിക്കോട് ∙ വെള്ളയിൽ – കോഴിക്കോട് സ്റ്റേഷനുകൾക്കിടയിൽ 12686 മംഗളൂരു സെൻട്രൽ – ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിനു നേരെ കല്ലെറിഞ്ഞയാൾ ആർപിഎഫിന്റെ പിടിയിൽ. തമിഴ്നാട്ടിലെ കടലൂർ സ്വദേശിയായ കെ. രാജിനെ ആണ് ആർപിഎഫ് ഇന്ത്യൻ റെയിൽവേ ആക്ടിലെ സെക്‌ഷൻ 153 പ്രകാരം അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 8.25 ന് ട്രെയിനിനു നേരെയുണ്ടായ കല്ലേറിൽ എം 2 കോച്ചിന്റെ ജനൽ ഗ്ലാസ് തകർന്നിരുന്നു. യാത്രക്കാർക്ക് ആർക്കും പരുക്കേറ്റില്ല.
ട്രെയിനിനു നേരെ കല്ലെറിയുകയോ റെയിൽവേ സ്വത്തിന് കേടുപാടുകൾ വരുത്തുകയോ ചെയ്യുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഇന്ത്യൻ റെയിൽവേ ആക്ടിലെ സെക്‌ഷൻ 153 പ്രകാരം, അത്തരം കുറ്റകൃത്യങ്ങൾക്ക് ജാമ്യമുണ്ടാകില്ലെന്നും ആർപിഎഫ് പറഞ്ഞു. അഞ്ച് വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. സംശയാസ്പദമായതോ നിയമവിരുദ്ധമായതോ ആയ ഇത്തരം പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ അടുത്തുള്ള ആർപിഎഫ് പോസ്റ്റിലോ ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പറായ 139 ലോ അറിയിക്കണമെന്ന് ആർപിഎഫ് യാത്രക്കാരോട് അഭ്യർഥിച്ചു. English Summary:
Train Stone Pelting Incident: A Tamil Nadu native has been arrested for pelting stones at the Mangaluru Chennai Superfast Express. The incident occurred near Kozhikode, and the accused is charged under the Indian Railway Act. Passengers are urged to report any suspicious activity to the RPF. |
|