|
|
തൃശൂർ∙ രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി തൃശൂർ ജില്ലയിലൂടെയുള്ള ട്രെയിൻ ഗതാഗതം മൂന്നു മണിക്കൂറിലേറെ തടസ്സപ്പെട്ടു. പുതുക്കാട്ട് ലോറി ഇടിച്ച് റെയിൽ വൈദ്യുത കമ്പികളിലേക്ക് റെയിൽവേ ഗേറ്റ് ഒടിഞ്ഞുവീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറിയാണ് പുതുക്കാട് മെയിൻ റെയിൽവേ ഗേറ്റിൽ ഇടിച്ചത്. ഹൈ വോൾട്ടേജ് വൈദ്യുതി പ്രവഹിക്കുന്ന സമയമായതിനാൽ ലോറിയുടെ മുകളിലേക്ക് തീപ്പൊരി ചിതറിയെങ്കിലും ഗ്യാസ് സിലിണ്ടറുകളിൽ തീ പടരാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
അപകടത്തെ തുടർന്ന് ഒടിഞ്ഞ ഇരുമ്പുഗേറ്റ് വൈദ്യുത കമ്പികളിൽ തടഞ്ഞു നിൽക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു അപകടം. ഒരു മണിക്കൂറിലേറെ സമയം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഗേറ്റ് അടയ്ക്കുന്നതിനിടെ ലോറി തിരക്കിട്ട് കടക്കാൻ ശ്രമിച്ചതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. നാട്ടുകാർ ഒച്ചവച്ചതോടെയാണ് ലോറി പിന്നോട്ടെടുത്തത്. റെയിൽവേ ഉദ്യോഗസ്ഥരും തൊഴിലാളികളും സ്ഥലത്തെത്തി പ്രശ്‌നം പരിഹരിച്ചു. ഗേറ്റ് തകർന്നതോടെ പുതുക്കാട് പാഴായി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.
വടക്കാഞ്ചേരിയിൽ നിസാമുദ്ദീൻ– എറണാകുളം മംഗള എക്സ്പ്രസിന്റെ എൻജിൻ തകരാറിലായതിനെ തുടർന്ന് ഇന്നലെ രാവിലെ ഷൊർണൂരിൽ നിന്നു തെക്കോട്ടുള്ള ട്രെയിൻ ഗതാഗതം 2 മണിക്കൂറിലേറെ തടസ്സപ്പെട്ടു. വള്ളത്തോൾ നഗറിനും മുള്ളൂർക്കരയ്ക്കുമിടയിലാണു ട്രെയിനിന്റെ എൻജിൻ തകരാറിലായത്. രാവിലെ 5.59ന് ആയിരുന്നു സംഭവം. ഇതോടെ ആ ട്രാക്കിലെ ഗതാഗതം മുടങ്ങി.
ഷൊർണൂരിൽ നിന്ന് പകരം എൻജിൻ കൊണ്ടുവന്ന് തകരാറിലായ എൻജിനെ ഷൊർണൂരിലേക്കു വലിച്ചു കൊണ്ടുപോയി. എട്ടരയോടെയാണ് ഈ ട്രാക്കിൽ ഗതാഗതം പുനഃസ്ഥാപിച്ചത്. അതിനിടയിൽ ഗരീബ് രഥ്, ചെന്നൈ– ആലപ്പുഴ എക്സ്പ്രസ്, ഛണ്ഡീഗഡ്– എറണാകുളം സമ്പർക്ക് ക്രാന്തി എക്സ്പ്രസ്, പാലക്കാട്– എറണാകുളം മെമു, ജന്മശതാബ്ദി എക്സ്പ്രസ് എന്നീ ട്രെയിനുകളെല്ലാം ഷൊർണൂർ ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. കേടുവന്ന എൻജിൻ തകരാർ പരിഹരിച്ച് 9.50ന് യാത്ര പുനരാരംഭിച്ചു. English Summary:
Thrissur train traffic disruption occurred due to two separate incidents. A lorry collision at Pudukad railway gate and an engine failure of Mangala Express at Vadakkencherry caused significant delays and disruptions in train services. |
|