|
|
മലപ്പുറം∙ ‘നല്ല രസായിരുന്നു ഇന്നലത്തെ ടൂർ, എല്ലോട്ത്തും പോയി, നാട്ടാരും അയൽവാസികളുമൊക്കെയായി, ബസിൽ കൈകൊട്ടിയും പാട്ടുപാടിയുമൊക്കെയായിരുന്നു ടൂറ്’– 85 വയസ്സുകാരിയായ മുണ്ടുപറമ്പ് കാട്ടുങ്ങൽ പാത്തുമ്മ ഒതുക്കുപാറയ്ക്ക്, മലപ്പുറം നഗരസഭയുടെ വയോജന സൗജന്യ ഉല്ലാസയാത്ര ‘ഗോൾഡൻ വൈബിൽ’ പങ്കെടുത്തതിന്റെ ത്രില്ല് മനസ്സിൽനിന്നു മായുന്നില്ല.
ഒരാഴ്ച മുൻപ്, വീണ് കൈക്കു പരുക്കു പറ്റിയെങ്കിലും പാത്തുമ്മ ടൂർ മാറ്റിവയ്ക്കാൻ ഒരുക്കമായിരുന്നില്ല. 60 വയസ്സുകാരിയായ മകൾ ടൂറിൽനിന്നു പിൻവാങ്ങിയെങ്കിലും ഇതൊന്നും വകവയ്ക്കാതെയാണു പാത്തുമ്മ യാത്രയിൽ പങ്കാളിയായതെന്നു വീട്ടുകാരും പറയുന്നു. വീട്ടിൽ വന്നു കൊണ്ടുപോകാൻ കൗൺസിലർ സുഹൈൽ ഇടവഴിക്കലും വൊളന്റിയർമാരുമുണ്ടായിരുന്നു.
പാത്തുമ്മ അടുത്തൊന്നും വയനാട്ടിലേക്കു പോയിട്ടില്ല. ചുരത്തിലൂടെയുള്ള യാത്രയൊക്കെ വലിയ ആവേശമായിരുന്നു. ബസിൽ കുഴലപ്പം, അച്ചപ്പം തീറ്റമത്സരത്തിൽ ആവേശത്തോടെ പങ്കെടുത്തു. യാത്രയ്ക്കിടെ പഴയ പാട്ടുകൾ പാടി, കൈകൊട്ടിക്കളിച്ചു. ആദ്യം കാരാപ്പുഴ ഡാമിലാണ് എത്തിയത്.
രണ്ടു മണിക്കൂറോളം അവിടെ ചെലവഴിച്ച ശേഷമാണ് പൂക്കോട്ട് എത്തിയത്. രാത്രി പത്തേമുക്കാലോടെ മടങ്ങിയെത്തി. ഇത്രയും സന്തോഷത്തോടെ ഇതുപോലൊരു യാത്ര പോയിട്ടില്ലെന്നും ഇനിയും യാത്ര പോകണമെന്നാണ് ആഗ്രഹമെന്നും പാത്തുമ്മ പറഞ്ഞു. 60 വയസ്സ് മുതൽ 104 വയസ്സ് വരെയുള്ള, 3,180 പേരാണ് യാത്രയിൽ പങ്കെടുത്തത്. English Summary:
Golden Vibes Tour brought immense joy to a senior citizen named Pathumma, participating in Malappuram Municipality\“s free excursion for the elderly. This tour to Wayanad provided her with a delightful experience filled with memories of singing, games, and sightseeing, further underscoring the importance of accessible tourism for senior citizens in Kerala. |
|