|
|
തിരുവനന്തപുരം ∙ തലച്ചോറിനെ ബാധിച്ച കാൻസറിനുള്ള കീമോതെറപ്പി ഗുളികകൾ ശ്വാസകോശ കാൻസർ ബാധിതർക്കു മാറി നൽകി. റീജനൽ കാൻസർ സെന്ററിലാണ് സംഭവം. മരുന്നിന്റെ പാക്കിങ്ങിൽ കമ്പനിക്കു വന്ന പിഴവാണ് ഇതിനിടയാക്കിയത്. 2130 കുപ്പികളിൽ 2125 കുപ്പികളും വിതരണം ചെയ്തതിനു ശേഷമാണ് പിഴവ് കണ്ടുപിടിച്ചത്. എത്ര രോഗികൾക്കു ഇതു നൽകിയിട്ടുണ്ടെന്ന വിവരം ലഭ്യമായിട്ടില്ല.
- Also Read ശബരിമല: 2019 ൽ പൂശിയ സ്വർണവും 2024 ൽ ചെമ്പായി; കഴിഞ്ഞവർഷവും മഹസറിൽ ഒപ്പുവച്ചത് മുരാരി ബാബു
ഗുജറാത്തിലെ ഗ്ലോബെല ഫാർമ നിർമിച്ച ടെമൊസോളോമൈഡ്–100 എന്ന ഗുളികയുടെ അഞ്ച് എണ്ണം വരുന്ന കുപ്പിയുടെ പാക്കിങ്ങിലാണ് പിഴവ് സംഭവിച്ചത്. ടെമൊസോളോമൈഡ്–100 എന്ന പേരുള്ള പേപ്പർ ബോക്സിൽ എറ്റോപോസൈഡ്– 50 എന്ന ഗുളികയുടെ കുപ്പിയാണ് വിതരണം ചെയ്തത്. കുപ്പിക്കു പുറത്തും എറ്റോപോസൈഡ്– 50 എന്ന പേരായിരുന്നു. എട്ട് ഗുളികയായിരുന്നു ഓരോ കുപ്പിയിലും ഉണ്ടായിരുന്നത്.
ശ്വാസകോശ കാൻസറിനും വൃഷണത്തെ ബാധിക്കുന്ന ചില കാൻസറിനുമുള്ള കീമോ തെറപ്പി ഗുളികയാണ് എറ്റോപോസൈഡ്. ഡ്രഗ്സ് കൺട്രോളറുടെ പരിശോധനയിലും ബോക്സിനുള്ളിൽ ഈ ഗുളികയാണെന്നു സ്ഥിരീകരിച്ചു. ഗുളിക മാറിപ്പോയ സംഭവം ജീവനക്കാർ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആർസിസിയിൽ ആഭ്യന്തര അന്വേഷണം ആരംഭിക്കുകയും ഡ്രഗ് കൺട്രോളറെ അറിയിക്കുകയുമായിരുന്നു.
വ്യാജ മരുന്നു വിറ്റതിനുള്ള വകുപ്പ് അനുസരിച്ച് ഗ്ലോബെല ഫാർമയ്ക്കെതിരെ കേസ് റജിസ്റ്റർ ചെയ്ത സംസ്ഥാന ഡ്രഗ് കൺട്രോളർ ബാക്കി വന്ന ഗുളികകളും ആർസിസിയുടെ വിശദീകരണവും ഉൾപ്പെടെ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. എട്ടു ഗുളികകൾക്ക് 7500 രൂപയാണ് ഗ്ലോബെല ഫാർമയ്ക്ക് ആർസിസി നൽകിയത്.
പ്രത്യാഘാതങ്ങൾ ഉണ്ടാകാം
ആർസിസിയിൽ കിടത്തി ചികിത്സയിൽ ഉണ്ടായിരുന്നവർക്കു പുറമേ പുറത്തു നിന്നെത്തി ചികിത്സ തേടിയവർക്കും ഗുളിക മാറി നൽകിയിട്ടുണ്ട്.2024 സെപ്റ്റംബർ 2ന് എത്തിച്ച ഗുളികകൾ തൊട്ടടുത്ത ദിവസം മുതൽ വിതരണം ചെയ്തെന്നാണു വിവരം.
ഗുളിക മാറിക്കഴിച്ചവർക്കു രക്തത്തിലെ കൗണ്ട് കുറയുന്നത് ഉൾപ്പെടെ, ഓരോരുത്തരുടെയും ആരോഗ്യനില അനുസരിച്ചു പ്രത്യാഘാതങ്ങൾ ഉണ്ടാകാമെന്നാണു കാൻസർ ചികിത്സാ വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ ഗുളിക മാറി കഴിച്ചതിന്റെ ആരോഗ്യപ്രശ്ങ്ങൾ ആർസിസിയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.
∙ ഗുളിക മാറിപ്പോയ സംഭവം ജീവനക്കാർ അറിയിച്ചതിനു പിന്നാലെ അന്വേഷണം ആരംഭിച്ചിരുന്നു. ഗ്ലോബെല ഫാർമയെ വിലക്കുപട്ടികയിൽ പെടുത്തിയിട്ടുണ്ട്. ഡ്രഗ് കൺട്രോളറാണ് കമ്പനിക്കെതിരെ മറ്റു നടപടികൾ സ്വീകരിക്കേണ്ടത്.-ഡോ. ആർ.രജനീഷ് കുമാർ (ഡയറക്ടർ, ആർസിസി) English Summary:
RCC Thiruvananthapuram: Brain Cancer Medicine Given to Lung Cancer Patients Due to Packing Error |
|