അവഗണനയ്ക്കും ഒരു പരിധിയുണ്ട്
/uploads/allimg/2025/10/6611531330265042221.jpgസർക്കാർ പുലർത്തിവരുന്ന അപലപനീയമായ അവഗണനയുടെയും നിരാകരണത്തിന്റെയും അടുത്ത അധ്യായത്തിലൂടെ കടന്നുപോവുകയാണു നമ്മുടെ ആശാപ്രവർത്തകർ. അവരുടെ ആവശ്യങ്ങൾ സംബന്ധിച്ചു പഠനം നടത്തി വിദഗ്ധസമിതി നൽകിയ ശുപാർശകളിൽ ഇനിയും തുടർനടപടികളില്ലാത്തത് ഒരു ജനകീയ സർക്കാരിനു ചേരുന്നതേയല്ല. ആശാ വർക്കർമാരുടെ സമരത്തെ പരമാവധി തളർത്താൻ ശ്രമിച്ച സർക്കാർ ഇപ്പോഴും അവരോട് അതേ നിലപാടു തുടരുന്നതിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്.
സേവനകാലാവധി കണക്കാക്കി ഓണറേറിയം വർധിപ്പിക്കാമെന്നതടക്കം, വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി. കുമാർ അധ്യക്ഷയായ വിദഗ്ധസമിതി നൽകിയ 22 ശുപാർശകളിൽ ഒന്നെങ്കിലും നടപ്പാക്കിയതായി വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയിൽ വനിതാ– ശിശുവികസന വകുപ്പ് പറയുന്നില്ല. ഏതെല്ലാം നടപ്പാക്കുന്നുണ്ടെന്നും എപ്പോൾ നടപ്പാക്കുമെന്നുമുള്ള ചോദ്യങ്ങൾക്കും മറുപടിയില്ല. വിദഗ്ധസമിതി ശുപാർശകൾ നൽകിയെന്ന് കഴിഞ്ഞ മാസമാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്.
ഇതാണ് അവസ്ഥയെങ്കിൽ ഈ റിപ്പോർട്ടിന്റെതന്നെ ആവശ്യമെന്താണ്? സമരം ചെയ്ത ആശമാർക്കെതിരെയുള്ള കേസുകൾ പിൻവലിക്കാനുള്ള ശുപാർശപോലും ഇനിയും നടപ്പാക്കാത്തതിനു സർക്കാരിന് എന്തു ന്യായമാണു പറയാനുള്ളത്? വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി 10 മുതലാണ് ആശമാർ സമരം ആരംഭിച്ചത്. സിപിഎമ്മിന്റെയും സർക്കാരിന്റെയും ശത്രുപക്ഷത്താണ് സമരം ചെയ്യുന്ന ആശാ വർക്കർമാർ എന്നതിനാൽ, ഈ വനിതാശക്തിയെ പരമാവധി തളർത്താനുള്ള ശ്രമങ്ങളുടെ തുടർച്ചതന്നെയായിവേണം ഈ അവഗണനയെ കാണാൻ. നിർധനരായ വനിതകൾ തുച്ഛമായ വേതനവർധനയ്ക്കുവേണ്ടി നടത്തിയ സമരത്തെ പരിഹസിച്ചും അവഹേളിച്ചും തോൽപിക്കാനുള്ള ആ ശ്രമങ്ങൾ പലതും കേരളം ഇതിനകം കണ്ടുകഴിഞ്ഞു.
ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കുന്നതിനും ആനുകൂല്യങ്ങൾ നൽകുന്നതിനുമുള്ള ശുപാർശകൾ ധനവകുപ്പിന്റെയും ദേശീയ ആരോഗ്യദൗത്യം സംസ്ഥാന ഡയറക്ടറുടെയും പരിഗണനയിലാണെന്നാണ് വനിതാ–ശിശുവികസന വകുപ്പ് ഇപ്പോൾ പറയുന്നത്. 10 വർഷം പൂർത്തിയാക്കിയവർക്ക് 1500 രൂപയും മറ്റുള്ളവർക്ക് 1000 രൂപയും ഓണറേറിയം വർധിപ്പിക്കാൻ സമിതി ശുപാർശ ചെയ്തിരുന്നു. ആവശ്യപ്പെട്ടതിന്റെ പത്തിലൊന്നുപോലും വർധനയ്ക്കു ശുപാർശയില്ലെങ്കിലും അതെങ്കിലും നടപ്പാക്കാനുള്ള ഉത്സാഹമില്ലെന്നതാണു സർക്കാരിന്റെ സമീപനത്തിൽനിന്നു വ്യക്തമാകുന്നത്. പഠന കമ്മിറ്റി റിപ്പോർട്ട് നിരാശാജനകവും നിഷേധാത്മകവുമാണെന്നു കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നേരത്തേ അഭിപ്രായപ്പെട്ടതുകൂടി ഇതോടു ചേർത്തുവയ്ക്കേണ്ടതുണ്ട്.
ധനവകുപ്പിന്റെ തീരുമാനവും ദേശീയാരോഗ്യദൗത്യം ഡയറക്ടറുടെ റിപ്പോർട്ടും അടിസ്ഥാനപ്പെടുത്തിയാകും തുടർനടപടികളെന്നു വനിതാ–ശിശുവികസന വകുപ്പ് പറയുമ്പോൾ പഠനം കഴിഞ്ഞ്പരിശോധനയെന്ന പേരിൽ മെല്ലെപ്പോക്കിന്റെ അടുത്തഘട്ടത്തിലേക്കു കടക്കുകയാണോ എന്നു സംശയിക്കുന്നവരുണ്ട്. ആശമാർക്കു വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളിൽ നൽകിവരുന്ന ഇൻസെന്റീവ് വർധിപ്പിക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന ശുപാർശ നടപ്പാക്കാൻ ഒരു റിപ്പോർട്ടിനായും കാത്തിരിക്കേണ്ടതില്ലെന്നിരിക്കെ, അതുപോലും ചെയ്യാതെവരുമ്പോൾ സർക്കാരിന്റെ ആത്മാർഥത വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു.
കോവിഡിനെതിരായ പോരാട്ടത്തിൽ നിർണായകപങ്കു വഹിച്ചതിനും ഗ്രാമപ്രദേശങ്ങളിൽ ആരോഗ്യസംരക്ഷണ സൗകര്യങ്ങൾ എത്തിച്ചതിനുമായി ആശാപ്രവർത്തകർക്കു ലോകാരോഗ്യ സംഘടനയുടെ വിശിഷ്ട പുരസ്കാരം ലഭിച്ചതു 2022ൽ ആണ്. ‘ലോകം അംഗീകരിക്കുമ്പോൾ തുച്ഛവേതനംപോലും കൃത്യമായി നൽകാതെയും മറ്റും കേരളം ഇവരെ അവഗണിക്കുന്നുവെന്നതു നിർഭാഗ്യകരമാണ്’ എന്ന് മലയാള മനോരമ ആ വേളയിൽ മുഖപ്രസംഗത്തിലെഴുതുകയുണ്ടായി. ഇപ്പോൾ ആ അവഗണനയുടെ അങ്ങേയറ്റമാണു നാം കണ്ടുകൊണ്ടിരിക്കുന്നത്.
ഒരുതരത്തിലുമുള്ള സേവന–വേതന വ്യവസ്ഥയുമില്ലാതെ, തുച്ഛ വേതനത്തിനു സമൂഹത്തിന്റെ താഴെത്തട്ടിൽ വർഷങ്ങളോളം അക്ഷീണസേവനം നിർവഹിക്കുന്നവരോടുള്ള ഈ അവഗണന ക്രൂരമാണ്. കാണാമറയത്ത് അരക്ഷിതജീവിതം നയിക്കേണ്ടിവരുന്നവർക്കും ഈ സമൂഹത്തിൽ തലയുയർത്തിത്തന്നെ ജീവിക്കേണ്ടതുണ്ട്. മെച്ചപ്പെട്ട സേവന– വേതന വ്യവസ്ഥകളും തൊഴിൽസുരക്ഷിതത്വവുമൊക്കെ ആശാ വർക്കർമാരുടെയും അവകാശമാണെന്നു സർക്കാർ തിരിച്ചറിഞ്ഞേതീരൂ. അതുകൊണ്ടുതന്നെ, വിദഗ്ധസമിതിയുടെ ശുപാർശകളിന്മേൽ എത്രയുംവേഗം നടപടി ഉണ്ടാവുകതന്നെ വേണം. English Summary:
Neglect of ASHA Workers in Kerala: ASHA workers in Kerala are facing neglect as the government fails to implement recommendations for their welfare. The government needs to consider the recommendations from expert committees and take actions for their well being. Improving their working conditions and ensuring fair compensation should be prioritized.
页:
[1]