അതിഥിത്തൊഴിലാളിയുടെ ഭാര്യയുടെ മൃതദേഹം കണ്ടെടുത്തത് വീടിന്റെ വെഞ്ചരിപ്പ് നടക്കാനിരിക്കെ
/uploads/allimg/2025/10/5395007032434123411.jpgഅയർക്കുന്നം ∙ കൊലപാതക വാർത്തയിൽ നടുങ്ങിയെങ്കിലും ആശ്വാസത്തോടെ വീട്ടുടമ ഡിന്നി സെബാസ്റ്റ്യൻ മണ്ണനാൽ. നവംബർ 29ന് വീടിന്റെ വെഞ്ചരിപ്പ് നടത്താനിരിക്കെയാണ് മുറ്റത്തുനിന്ന് അതിഥിത്തൊഴിലാളിയുടെ ഭാര്യയുടെ മൃതദേഹം കണ്ടെടുത്തത്. ഇന്റർലോക്ക് പാകുന്നതു മാത്രമാണ് അവശേഷിക്കുന്നത്. മുറ്റത്ത് മണ്ണിടുന്നതിനായി സഹായത്തിന് ഒരാളെക്കൂടി വേണമെന്ന് ഒരു അതിഥിത്തൊഴിലാളിയോട് പറഞ്ഞിരുന്നു.
ഇയാളാണ് സോനിയെ ഇളപ്പാനിയിലെ വീട്ടിലെത്തിച്ചത്. ഒക്ടോബർ പത്തിന് സോനിയും കൊല്ലപ്പെട്ട അൽപനയും പണിക്കെത്തി. പിന്നീടു പണിയുള്ളപ്പോൾ വിളിക്കാമെന്നു പറയുകയും ഇതിനിടയിൽ മുറ്റം ഇടിച്ചുറപ്പിക്കുന്നതിനു വേണ്ടി സോനിയെ വീണ്ടും ബന്ധപ്പെടുകയായിരുന്നുവെന്നു ഡിന്നി പറഞ്ഞു. 14ന് വരാൻ നിർദേശിക്കുകയും ഇതെത്തുടർന്നു രാവിലെ 9.30ന് സോനി വീട്ടിലെത്തി പണികൾ ചെയ്തു മടങ്ങി.
ഈ ദിവസം രാവിലെയാണ് കൊലപാതകം നടത്തി മൃതദേഹം മറവു ചെയ്തത്. പിന്നീട് ഇവിടേക്കു വേറെ തൊഴിലാളികളാണ് വന്നതെന്നും ഇവരോട് ചോദിച്ചപ്പോൾ സോനു ഭാര്യയെ കാണാനില്ലാത്തതിനാൽ അന്വേഷിക്കുകയാണെന്നു പറഞ്ഞതായും വീട്ടുടമ വ്യക്തമാക്കി. മൃതദേഹം പുരയിടത്തിലുണ്ടെന്ന് അറിഞ്ഞപ്പോൾ നടുങ്ങിയെങ്കിലും വൈകാതെ കണ്ടെത്താൻ കഴിഞ്ഞതിലുള്ള ആശ്വാസമാണു വീട്ടുടമ ഡിന്നിക്ക്.
ഭാര്യയെ കൊലപ്പെടുത്തി, നിർമാണത്തിലിരുന്ന വീടിന്റെ മുറ്റത്തു കുഴിച്ചുമൂടിയ കേസിൽ ബംഗാൾ സ്വദേശിയായ സോനിയാണ് (32) പിടിയിലായത്. ബംഗാൾ മുർഷിദാബാദ് സ്വദേശി അൽപനയാണ് (27) കൊല്ലപ്പെട്ടത്. അൽപനയെ 14 മുതൽ കാണാനില്ലെന്നു കാട്ടി സോനി അയർക്കുന്നം സ്റ്റേഷനിൽ 17നു പരാതി നൽകിയിരുന്നു. മൊഴികളിൽ പൊരുത്തക്കേടു തോന്നിയതോടെ സോനിയെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിക്കുകയും പിറ്റേന്നു സ്റ്റേഷനിലെത്താൻ നിർദേശിക്കുകയും ചെയ്തു. പിന്നാലെ നാടുവിടാൻ ശ്രമിച്ച ഇയാളെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണു പിടികൂടിയത്.
നിർമാണത്തൊഴിലാളികളായ സോനിയും ഭാര്യയും കുറച്ചുകാലമായി ഇളപ്പാനിയിലെ വീട്ടിൽ ജോലിക്കെത്താറുണ്ട്. കൊലപാതകം നടന്ന 14ന് അതിരാവിലെ ഇരുവരും ഇവിടെയെത്തി ജോലികൾ തുടങ്ങി. നേരത്തേ എത്തണമെന്ന് ഉടമ ആവശ്യപ്പെട്ടെന്നു പറഞ്ഞാണു സോനി, അൽപനയെ ഇവിടെയെത്തിച്ചത്. ഇതിനിടെ, മലപ്പുറത്തു ജോലിചെയ്യുന്ന മറ്റൊരു അതിഥിത്തൊഴിലാളിയുമായി അൽപനയ്ക്കുള്ള സൗഹൃദം സംബന്ധിച്ചു തർക്കമുണ്ടായി.
തുടർന്ന്, വീടിനു പിന്നിലെ കരിങ്കൽക്കെട്ടിൽ തല ഇടിപ്പിച്ചശേഷം കമ്പിപ്പാര കൊണ്ട് അടിച്ചാണ് ഇയാൾ അൽപനയെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. ഇരുവരും അമയന്നൂരിലെ തൈക്കൂട്ടത്തു വാടകവീട്ടിലായിരുന്നു താമസം. ഒൻപതും ഏഴും വയസ്സുള്ള 2 കുട്ടികളുണ്ട്.
English Summary:
Ayarkunnam murder case involves a Bengali migrant worker who killed his wife and buried her in the yard of a house under construction. The homeowner expressed relief that the body was discovered quickly after the initial shock of the incident. The accused has been arrested and the investigation is ongoing.
页:
[1]