കരുതലോടെ നൽകാം കുഞ്ഞിന് മരുന്ന്
https://img-mm.manoramaonline.com/content/dam/mm/mo/global-malayali/other-countries/images/2025/10/4/cough-syrup-controversy.jpg?w=1120&h=583https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg
ചുമ മരുന്നു കഴിച്ച് ഉത്തരേന്ത്യയിലെ കുട്ടികൾ മരിച്ചതിനെത്തുടർന്നു രാജ്യത്തെങ്ങും ആശങ്കയാണിപ്പോൾ. കുട്ടികൾക്കു ചുമ മരുന്നു കൊടുക്കാമോ? രോഗം കലശലായാൽ ചികിത്സ എങ്ങനെ? സുരക്ഷിത മരുന്ന് ഏതാണ്? ചോദ്യങ്ങൾ ഒട്ടേറെയുണ്ട്. കുട്ടികൾ മരിച്ചതിനു കാരണം മരുന്നിലെ പ്രശ്നങ്ങളാണെന്നു സ്ഥിരീകരിച്ചിട്ടില്ല. സിറപ്പുകൾക്കു മധുരം കൂട്ടാനും മറ്റും ചേർക്കുന്ന രാസസംയുക്തങ്ങൾ മലിനമായതാണു മരണത്തിനു കാരണമായതെന്നാണു കരുതുന്നത്. വിശദമായ പരിശോധനാ റിപ്പോർട്ടുകൾ വന്നാലേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകൂ.
[*] Also Read കഫ് സിറപ്പ് ദുരന്തം: ഫാർമ ഉടമ അറസ്റ്റിൽ, സിറപ്പ് കഴിച്ച 2 കുട്ടികൾക്ക് കൂടി ദാരുണാന്ത്യം, മരണസംഖ്യ 21
രണ്ടു വയസ്സുവരെയുള്ളവർക്കു ചുമ മരുന്നു നൽകരുതെന്നാണു ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസിന്റെ(ഡിജിഎച്ച്എസ്) മുന്നറിയിപ്പ്. ഇതെക്കുറിച്ചു വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. സമ്പൂർണ നിരോധനം കുട്ടികളുടെ ചികിത്സയെ ബാധിക്കുമെന്ന ആശങ്ക ഇന്ത്യൻ അസോസിയേഷൻ ഓഫ് പീഡിയാട്രിക്സിന്റെ (ഐഎപി) ദേശീയ ഘടകവും ഉന്നയിച്ചുകഴിഞ്ഞു. ചില കുട്ടികൾക്കു ശ്വാസനാളികൾക്കു താൽക്കാലിക ചുരുക്കം ഉണ്ടാകാം (ഉദാ: ആസ്മ). ഇത്തരം സന്ദർഭങ്ങളിൽ ശ്വാസക്കുഴലുകളെ പൂർവസ്ഥിതിയിലാക്കാൻ, ഏറ്റവും ഉചിതം മരുന്നു നേരിട്ടു ശ്വാസനാളികളിൽ എത്തിക്കാനുതകുന്ന ഇൻഹേലറുകൾ ഉപയോഗിക്കുകയാണ്. ചിലപ്പോൾ സിറപ്പ് രൂപത്തിലുള്ള ബ്രോങ്കോ ഡൈലേറ്റർ മരുന്നുകൾ കൊടുക്കാറുണ്ട്.
[*] Also Read ചുമ മരുന്ന് കയറ്റുമതി ചെയ്തിട്ടുണ്ടോ? ഇന്ത്യയോട് വിശദീകരണം തേടി ലോകാരോഗ്യ സംഘടന
ചുമ മരുന്നു കൊടുക്കേണ്ട എന്നു പറഞ്ഞതുകൊണ്ട് ബ്രോങ്കോ ഡൈലേറ്റർ ഒഴിവാക്കാനാകുമോ? ഇല്ല. അതുകൊണ്ടു രണ്ടു വയസ്സിൽ താഴെയുള്ളവർക്കു ഒരു സിറപ്പും കൊടുക്കാൻ പാടില്ലെന്ന നിലപാടിൽ യുക്തിയില്ല. മരുന്നുകൾ നിരോധിക്കുന്നതിലല്ല, അതിന്റെ ഉപയോഗത്തിൽ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചു ഡോക്ടർമാരും രക്ഷിതാക്കളും കൂടുതൽ വിവരങ്ങൾ അറിഞ്ഞിരിക്കുകയും സർക്കാരുകൾ മരുന്നുകളുടെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പുവരുത്തുകയുമാണു വേണ്ടത്. https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpgഡോ. ഐ.റിയാസ്
ചുമയും ജലദോഷവും രോഗമല്ല; ലക്ഷണമാണ്
ന്യുമോണിയ, കഫക്കെട്ട്, തൊണ്ടവേദന, ആസ്മ, വൈറൽ റൈനൈറ്റിസ്, ശ്വാസനാളത്തിൽ ഭക്ഷണം കുടുങ്ങുക തുടങ്ങിയവ മൂലം ചുമയുണ്ടാകും. തീയിൽ തൊട്ടാൽ കൈവലിക്കുന്നതുപോലെ, ശരീരം അസ്വസ്ഥമായതിന്റെ പ്രതിഫലനമായാണു ചുമയെ കാണേണ്ടത്. അതിനാൽ നിസ്സാരമായി തള്ളരുത്. സാധാരണചുമ രണ്ടാഴ്ചയ്ക്കുള്ളിൽ മാറും. അതു തുടർന്നാൽ ഗൗരവമായി കാണണം. രാത്രിയും രാവിലെയും ചുമയ്ക്കുക, കരയുമ്പോൾ ചുമയ്ക്കുക എന്നിവയുള്ള കുട്ടികൾക്ക് ആസ്മ സംശയിക്കണം. ഇങ്ങനെ ചുമയുടെ രീതിയും സമയവുമൊക്കെ മനസ്സിലാക്കിയും പരിശോധനകൾ നടത്തിയും ഡോക്ടർ കുറിക്കുന്ന മരുന്നു മാത്രം കൊടുക്കുക.
[*] Also Read ഇവിടെ ഉണ്ടാക്കുന്നതും മരുന്ന്; കോൾഡ്രിഫ് സിറപ് നിർമിക്കുന്ന ശ്രേസൻ ഫാർമസ്യൂട്ടിക്കൽസിന്റെ ഓഫിസ് തകരഷെഡ്ഡിൽ
ഓരോ തരം ചുമയ്ക്കും ഓരോ മരുന്നാണു നൽകേണ്ടത്. ക്ലോർഫെനാറാമിൻ മാലേറ്റ്– ഫിനൈലെഫ്രിൻ മരുന്നു സംയുക്തം നാലു വയസ്സിൽ താഴെയുള്ള കുട്ടികൾക്കു നൽകാൻ പാടില്ലെന്ന നിർദേശമുള്ളതാണ്. ഇത്തരം മുന്നറിയിപ്പുകൾ പരിഗണിക്കാതെ രക്ഷിതാക്കൾ മെഡിക്കൽ സ്റ്റോറിൽനിന്നു നേരിട്ടു സിറപ്പ് വാങ്ങി കുട്ടികൾക്കു നൽകുക പതിവാണ്. ഒരു കാരണവശാലും പഴയ കുറിപ്പടിപ്രകാരമോ ലക്ഷണം പറഞ്ഞോ മെഡിക്കൽ സ്റ്റോറിൽനിന്നു നേരിട്ടു മരുന്നുവാങ്ങി കുട്ടികൾക്കു കൊടുക്കരുത്.
[*] Also Read അർനോൾഡ് ഷ്വാർസ്നെഗറെ എട്ടുവട്ടം തോൽപിച്ച ബോഡി ബിൽഡർ; 150 കിലോ ഭാരം! ഡോക്ടർമാർ പറഞ്ഞതു കേട്ടില്ല; ഇന്ന് ജീവിതം വീൽചെയറിൽ
കുട്ടികൾക്ക് ഒരു മരുന്നു 10 ദിവസത്തേക്കു കുറിച്ചാൽ അത്രയും ദിവസം മാത്രമേ അതു കൊടുക്കാൻ പാടുള്ളൂ. രോഗം ശമിച്ചില്ലെങ്കിൽ ഡോക്ടറെ കണ്ടു വീണ്ടും മരുന്നു കുറിച്ചുവാങ്ങണം. ശരീരഭാരം നോക്കിയാണു കുട്ടികൾക്കു മരുന്നു കുറിക്കുന്നത്. ഒരേ പ്രായത്തിൽ വ്യത്യസ്തഭാരമുള്ള കുട്ടികളുണ്ടാകും. അതിനാൽ കുട്ടികളുടെ മരുന്നിൽ പ്രായംപോലും പരിഗണിക്കാനാവില്ല. കാലാവധി കഴിഞ്ഞ കുറിപ്പടികൾ കൊണ്ടുവരുമ്പോൾ കുട്ടികൾക്കുള്ള മരുന്നു നൽകുന്നതിൽനിന്നു മെഡിക്കൽ സ്റ്റോറുകളെ കർശനമായി വിലക്കുകയും കർശന നടപടി സ്വീകരിക്കുകയും വേണം.
കുഞ്ഞുങ്ങളിൽ ചുമ ആരംഭിക്കുമ്പോൾതന്നെ, ഒരുപരിധിവരെ ഗൃഹചികിത്സയിലൂടെ അത് ഒഴിവാക്കാനാകും. ധാരാളം വെള്ളം കൊടുക്കുക. ഇളംചൂടുള്ള വെള്ളമാണു കൂടുതൽ നല്ലത്. കരിക്കും ഗ്ലൂക്കോസും കൊടുക്കാം. ആവി പിടിക്കുക (നെബുലൈസേഷൻ അല്ല).
തേൻ നല്ലൊരു മരുന്നാണ്. എന്നാൽ, ബോട്ടുലിനം ബാക്ടീരിയ ബാധയുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഒരു വയസ്സിൽ താഴെയുള്ളവർക്കു നൽകരുത്. ചുമ മാറുന്നില്ല, അല്ലെങ്കിൽ ചുമയ്ക്കൊപ്പം ശ്വാസംമുട്ടലോ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടോ ഉണ്ടെങ്കിൽ വേഗം ഡോക്ടറെ കാണിക്കണം. അതിനാൽ, സിറപ്പുകളുടെ പൂർണനിരോധനമല്ല മറിച്ച്, ചുമ മരുന്നുകളുടെ ഉപയോഗത്തെ വിദഗ്ധോപദേശം അനുസരിച്ചു ശരിയായ രീതിയിൽ നിയന്ത്രിക്കുകയാണു വേണ്ടത്.
(ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് കേരള പ്രസിഡന്റും ആലപ്പുഴ മെഡിക്കൽ കോളജിൽ പീഡിയാട്രിക് വിഭാഗം പ്രഫസറുമാണ് ലേഖകൻ) English Summary:
Nottam: Cough syrup for kids requires careful consideration. Parents should always consult a pediatrician before administering any cough medicine to children, especially infants, to ensure safety and appropriate dosage. It is crucial to focus on children\“s health to protect children from health problems.
页:
[1]