‘ഭയങ്കരനായ’ ഇവാൻ: റഷ്യൻ സാമ്രാജ്യത്തെ വളർത്തിയ ചക്രവർത്തി
https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/10/4/Ivan-the-Terrible.jpg?w=1120&h=583ഏറ്റുമുട്ടലുകളുടെയും അസ്ഥിരതകളുടെയും ഭൂതകാലത്തിലാണ് ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും രൂപം കൊണ്ടിട്ടുള്ളത്. ഒരു കാലത്ത് സമ്പന്ന രാജ്യങ്ങളിലൊന്നായിരുന്ന റഷ്യയുടെ ചരിത്രവും വേറിട്ടതല്ല. നിരവധി നാടുവാഴി പ്രഭു കുടുംബങ്ങളും അവർക്കിടയിൽ ഉയർന്നുവന്ന രാജവംശങ്ങളും അധികാരത്തിനുവേണ്ടി നടത്തിയ രക്തച്ചൊരിച്ചിലുകൾക്കും ഈ രാജ്യം പല നൂറ്റാണ്ടുകളിലായി വേദിയായിട്ടുണ്ട്.
[*] Also Read ‘ഹമാസിനെ നിരായുധീകരിക്കും, ഗാസയിൽ നിന്ന് ഇസ്രയേൽ പൂർണമായി പിൻമാറില്ല’: ബെന്യാമിൻ നെതന്യാഹു
ദുർബലമായ പല പ്രദേശങ്ങളായി ഛിന്നഭിന്നമായി കിടന്നിരുന്ന റഷ്യയെ ഒരു വലിയ സാമ്രാജ്യമായി പടുത്തുയർത്തിയത് ഇവാൻ നാലാമൻ (Ivan IV Vasilyevich) എന്ന രാജാവാണ്. അദ്ദേഹം അറിയപ്പെട്ടിരുന്നതുതന്നെ \“ഭയങ്കരനായ ഇവാൻ\“ (Ivan the Terrible) എന്നായിരുന്നു. നന്മയും തിന്മയും ഒത്തുചേർന്ന ഏറെ പ്രത്യേകതകൾ ഉള്ള വ്യക്തിത്വമായിരുന്നു ഇവാന്റേത്. സൗമ്യതയും ക്രൂരതയും മാറിമാറി പ്രകടിപ്പിച്ചിരുന്ന ഇവാൻ സൗമ്യസ്വഭാവക്കാരനാകുമ്പോൾ ഭക്തിഭ്രാന്തിൽ ലയിക്കുകയും അനിയന്ത്രിതമായ കോപം വരുമ്പോൾ കോപാധിക്യത്താൽ കൊലപാതക പരമ്പരകൾ തന്നെ നടത്തുകയും ചെയ്യുന്ന വിചിത്ര സ്വഭാവക്കാരനായിരുന്നു. നട്ടെല്ലിന് കഠിനവേദന ഉളവാക്കുന്ന പ്രത്യേക രോഗം ഇവാനുണ്ടായിരുന്നെന്നും വേദന സഹിക്കാനാകാതെയാകുമ്പോൾ കോപത്തിനടിമപ്പെട്ടായിരുന്നു ക്രൂരകൃത്യങ്ങൾ നടത്തിയിരുന്നതെന്നും ചില ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നുണ്ട്.
[*] Also Read അമേരിക്കയുടെ പാചകവാതകം വാങ്ങിക്കൂട്ടാൻ ഇന്ത്യ; റഷ്യൻ എണ്ണയെ കൈവിട്ടാൽ വില കത്തുമെന്ന് പുട്ടിൻ, ഇടിഞ്ഞ് ഇറക്കുമതി
റഷ്യയിലെ മോസ്കോ ഭരിച്ചിരുന്ന വാസിലി മൂന്നാമൻ ഇവാനോവിച്ചിന് (Vasili III Ivanovich) ഏറെ നാളുകളുടെ കാത്തിരിപ്പിന് ശേഷം ലഭിച്ച സന്തതിയായിരുന്നു ഇവാൻ നാലാമൻ. വിവാഹശേഷം മക്കളുണ്ടാകാത്ത കാരണത്താൽ ആദ്യ ഭാര്യയെ ഒരു കന്യാസ്ത്രീ മഠത്തിലുപേക്ഷിക്കുകയും തുടർന്ന് 1525 ൽ എലീന ഗ്ലിൻസ്കായ (Elena Glinskaya)എന്ന സ്ത്രീയെ വാസിലി മൂന്നാമൻ വിവാഹം കഴിക്കുകയുമായിരുന്നു. ആ സ്ത്രീയിൽ വാസിലിക്കുണ്ടായ ആദ്യ പുത്രനായിരുന്നു ഇവാൻ. ഇവാനുശേഷം യൂറി വാസിലേവിച്ച് എന്ന മകനും വാസിലിക്കു ജനിച്ചു. ഇവാന് മൂന്നുവയസുള്ളപ്പോൾ വാസിലി മരിച്ചു. രക്തദൂഷ്യമായിരുന്നു മരണകാരണം. എട്ടു വയസ്സു മാത്രം പ്രായമുള്ളപ്പോൾ അകാലത്തിൽ അമ്മ എലീനയും മരിച്ചതോടെ ഇവാനും സഹോദരനും തികച്ചും ഒറ്റപ്പെട്ടു. പിതാവിന്റെ മരണശേഷം ബാല്യത്തിൽ തന്നെ അധികാരത്തിലേറാൻ വിധിക്കപ്പെട്ട ഇവാനെ ഭരണകാര്യത്തിൽ സഹായിച്ചിരുന്നതും നിയന്ത്രിച്ചിരുന്നതും അമ്മ എലീനയായിരുന്നു. ഇവാൻ ബാലനായിരുന്ന കാരണത്താൽ ആ അവസരം മുതലാക്കി \“ബോയർമാർ\“ (Boyars) എന്നറിയപ്പെട്ടിരുന്ന പ്രഭുക്കന്മാർ അധികാരത്തിന്റെ നിയന്ത്രണം കൈക്കലാക്കി. ഇവാന്റെ രാജപദവിക്ക് അവർ പറയത്തക്ക പ്രാധാന്യമൊന്നും നൽകിയില്ല. മാത്രവുമല്ല ഇവാനും സഹോദരനും പലയാവർത്തി പ്രഭുക്കന്മാരുടെ അവഗണനയും പരിഹാസവും അനുഭവിക്കേണ്ടതായും വന്നു. \“ഭയങ്കരനായ ഇവാൻ\“ രൂപപ്പെടുന്നത് ഈ ദുരിതകാലഘട്ടത്തിൽ നിന്നുമായിരുന്നു.
ബോയർമാരുടെ അവഗണനയിൽനിന്ന് ഉരുത്തിരിഞ്ഞ ഒടുങ്ങാത്ത പക ഉള്ളിൽ സൂക്ഷിച്ച ഇവാൻ പകരം വീട്ടുവാൻ അവസരത്തിനായി കാത്തിരുന്നു. ഒടുവിൽ 1544-ൽ ആയിരക്കണക്കിന് ബോയർമാരെയും ഭരണം നിയന്ത്രിച്ചിരുന്ന അവരുടെ നേതാക്കന്മാരെയും തന്റെ അനുചരന്മാരെ ഉപയോഗിച്ച് കൊന്നൊടുക്കിക്കൊണ്ട് തനിക്ക് നഷ്ടപ്പെട്ട അധികാരം ഇവാൻ തിരിച്ചുപിടിച്ചു. പതിമൂന്നു വയസ്സായിരുന്നു അന്ന് ഇവാന്റെ പ്രായം. ഓർത്തഡോക്സ് സഭയ്ക്ക് ഏറെ സ്വാധീനമുള്ള രാജ്യമായിരുന്നു റഷ്യ. ഇവാൻ അധികാരം തിരിച്ചു പിടിച്ച് മൂന്നു വർഷങ്ങൾക്കുശേഷം സഭയുടെ മോസ്കോ പ്രദേശത്തെ മെത്രാപ്പോലീത്ത, ഇവാൻ നാലാമനെ മുഴുവൻ റഷ്യൻ ഭൂപ്രദേശങ്ങളുടെയും സർ (Tsar) അഥവാ ചക്രവർത്തിയായി പ്രഖ്യാപിക്കുകയായിരുന്നു. പ്രഭുക്കന്മാർക്ക് ഈ പ്രഖ്യാപനത്തോട് എതിർപ്പുണ്ടായിരുന്നെങ്കിലും ഇവാൻ നാലാമനെ ഭയന്ന് അവർ അത് പ്രകടിപ്പിച്ചില്ല. ഇവാന്റെ വിവാഹവും വിചിത്രമായ രീതിയിലായിരുന്നു. തന്റെ റഷ്യാ സാമ്രാജ്യത്തിന്റെ അധികാരപരിധിയിൽ വരുന്ന പ്രഭുകുടുംബങ്ങളിലെ കന്യകമാരായ സ്ത്രീകളെ മോസ്കോയിൽ വിളിച്ചുവരുത്തി അവർക്കിടയിൽനിന്ന് തനിക്കിഷ്ടപ്പെട്ട അനാസ്താസിയ റൊമാനോവ്‌ന എന്ന സുന്ദരിയായ കന്യകയെ ഇവാൻ ഭാര്യയായി തിരഞ്ഞെടുക്കുകയായിരുന്നു.
[*] Also Read ‘ബന്ദികളെ ഉടൻ മോചിപ്പിക്കണം, കാലതാമസം പൊറുക്കില്ല’: ഹമാസിന് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനം
റഷ്യൻ സാമ്രാജ്യത്തിന്റെ വിസ്തൃതി വർദ്ധിപ്പിക്കുവാൻ ആഗ്രഹിച്ച ഇവാൻ മംഗോളിയൻ ഗോത്രവിഭാഗമായ ടാട്ടർ (Tatars) വിഭാഗക്കാർ നൂറ്റാണ്ടുകൾക്ക് മുൻപ് റഷ്യയിൽ അധിനിവേശം നടത്തി കൈവശം വച്ച വോൾഗാ നദിയുടെ തീരത്തുള്ള കസാൻ നഗരം തിരിച്ചു പിടിക്കുവാൻ തീരുമാനിച്ചു. 1552 ൽ ഒന്നര ലക്ഷം വരുന്ന സൈന്യവുമായി നഗരത്തിലേക്ക് കടന്ന ഇവാൻ അൻപതു ദിവസങ്ങൾക്കു ശേഷം കസാൻ നഗരം പൂർണ്ണമായിത്തന്നെ വീണ്ടും റഷ്യൻ സാമ്രാജ്യത്തിന്റെ അധീനതയിലാക്കി. ഈ ആക്രമണത്തിൽ ഒന്നരലക്ഷത്തിൽപ്പരം നഗരവാസികളാണ് കൊലചെയ്യപ്പെട്ടത്. നിരവധി പേരെ അടിമകളാക്കി വിൽക്കുകയും ചെയ്‌തു. ബാൾട്ടിക് ഭൂപ്രദേശം മുതൽ കാസ്പിയൻ കടൽ വരെ നീളുന്ന വിശാല സാമ്രാജ്യം സ്വപ്നം കണ്ടിരുന്ന ഇവാൻ വോൾഗാനദി കാസ്പിയൻ കടലുമായി സന്ധിക്കുന്ന ഭാഗത്തുള്ള അസ്ട്രഖാൻ എന്ന ടാട്ടർ വിഭാഗക്കാരുടെ നഗരവും അനായാസേന കീഴടക്കി. ഈ രണ്ട് നഗരങ്ങളും കീഴടക്കിയതോടെ വോൾഗാ തീരപ്രദേശം മുഴുവനും തന്റെ അധീനതയിലാക്കുവാൻ ഇവാന്കഴിഞ്ഞു.
[*] Also Read പാക്കിസ്ഥാന്റെ ‘കടൽ’ തന്ത്രം; ചൈനയെ ഒഴിവാക്കാതെ യുഎസിനെയും സൗദിയെയും കൂടെക്കൂട്ടും! ഇന്ത്യയ്ക്ക് വെല്ലുവിളി
തുടർന്ന് റഷ്യയുടെ വടക്കു പടിഞ്ഞാറൻ അതിർത്തിയിലുള്ള ലിവോണിയ പിടിച്ചടക്കുകയായിരുന്നു ഇവാന്റെ ലക്ഷ്യം. എന്നാൽ ദീർഘനാൾ യുദ്ധം ചെയ്തെങ്കിലും ലിവോണിയ പൂർണ്ണമായും കീഴടക്കുവാൻ ഇവാന് കഴിഞ്ഞില്ല. മാത്രമല്ല, പോളണ്ട് ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളുടെ ശത്രുതയ്ക്ക് അത് കാരണമാകുകയും ചെയ്തു. 1557 ൽ ആരംഭിച്ച യുദ്ധം 1582 വരെ തുടർന്നു. ഇക്കാലയളവിൽ റഷ്യയ്ക്ക് കടുത്ത സാമ്പത്തിക നഷ്‌ടവും ആൾനാശവും നേരിടേണ്ടതായും വന്നു ഒടുവിൽ 1582 ൽ പോളണ്ടിന്റെ സംരക്ഷണത്തിലായിരുന്ന ലിവോണിയൻ പ്രദേശം പോളണ്ടിന് വിട്ടുകൊടുത്തുകൊണ്ട് ഇവാൻ യുദ്ധത്തിൽനിന്നു പിൻവാങ്ങുകയായിരുന്നു. നിരവധി നഷ്‌ടങ്ങൾക്കുശേഷമുള്ള കീഴടങ്ങലിനു തുല്യമായ സന്ധിചെയ്യൽ ആയിരുന്നു അത്.
[*] Also Read പോർട്ട്‌ലൻഡിൽ ട്രംപിന് തിരിച്ചടി: നാഷനൽ ഗാർഡ് വിന്യാസം ഫെഡറൽ കോടതി തടഞ്ഞു
ലിവോണിയയുമായുണ്ടാക്കിയ യുദ്ധം സൃഷ്ടിച്ച പരാജയവും സാമ്പത്തിക തകർച്ചയും റഷ്യയിലെ പ്രഭുക്കന്മാർക്കിടയിലും സൈനികവൃന്ദത്തിനിടയിലും ഇവാന് അവമതിപ്പ് ഉണ്ടാകുവാൻ കാരണമായി. അധികാരം തന്റെ കൈവശം മാത്രമായി നിലനിർത്തുവാൻ ശ്രദ്ധിച്ചിരുന്ന ഇവാന് അത് വലിയ തിരിച്ചടിയായിരുന്നു. ലിവോണിയയുമായുണ്ടായ യുദ്ധത്തിലെ പിഴവുകളിൽ ഇവാനും ഏറെ ദുഃഖമുണ്ടായിരുന്നു. തുടരെ വന്നു കൊണ്ടിരുന്ന രോഗപീഡകളും ഇവാനെ മാനസികമായും ശാരീരികമായും ദുർബലനാക്കിക്കൊണ്ടിരുന്നു. തന്റെ അനന്തരാവകാശി മകൻ ഡിമിട്രിയായിരിക്കണമെന്ന ആഗ്രഹം വിശ്വസ്തരായ പ്രഭുക്കന്മാർക്കു മുന്നിൽ അദ്ദേഹം അവതരിപ്പിച്ചു. എങ്കിലും അവർ വിരുദ്ധ അഭിപ്രായമായിരുന്നു പ്രകടിപ്പിച്ചത്. തന്റെ സഹോദരനെ ചക്രവർത്തിയാക്കുവാനാണ് പ്രഭുക്കന്മാർ ആഗ്രഹിക്കുന്നതെന്ന സത്യം ആ ചർച്ചയിൽ ഇവാൻ തിരിച്ചറിഞ്ഞു. ശാരീരിക അവശതകളും മാനസിക സമ്മർദ്ദങ്ങളും കാരണം ദുർബലനായിരുന്ന ഇവാൻ ആ അവസരത്തിൽ തന്ത്രപരമായ നിശബ്ദത പാലിക്കുകയായിരുന്നു. എത്രയും പെട്ടെന്ന് രോഗമുക്തനാകുവാനുള്ള ശ്രമങ്ങൾ അദ്ദേഹം ആരംഭിച്ചു.
[*] Also Read ‘ബന്ദികളെ ഉടൻ മോചിപ്പിക്കണം, കാലതാമസം പൊറുക്കില്ല’: ഹമാസിന് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനം
1560-ൽ ഇവാന്റെ ഭാര്യ അനസ്താസിയ മരിച്ചു. സ്വതവേ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ഇവാനെ സംബന്ധിച്ചിടത്തോളം ഭാര്യയുടെ വേർപാട് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. പ്രഭുക്കന്മാരായ ബോയർമാർ ഗൂഢാലോചന നടത്തി തന്റെ ഭാര്യയെ വിഷം കൊടുത്തുകൊല്ലുകയായിരുന്നു എന്ന് അദ്ദേഹം ദൃഢമായി വിശ്വസിച്ചു. പ്രഭുവർഗ്ഗം തന്നെയും നശിപ്പിക്കുവാൻ ശ്രമിക്കുന്നു എന്നു വിശ്വസിച്ച ഇവാൻ 1564-ൽ താൻ സ്ഥിരം പ്രാർഥിക്കുന്ന വിശുദ്ധ രൂപങ്ങളും എടുത്തുകൊണ്ട് കുടുംബസമേതം അലക്സാണ്ട്രോവിസ്കിയിലെ വേനൽക്കാല വസതിയിലേക്ക് യാത്രയായി. അവിടെവച്ച് മോസ്കോനിവാസികളെ ഞെട്ടിച്ചുകൊണ്ട് ഇവാൻ ഒരു പ്രസ്താവന പുറപ്പെടുവിച്ചു. താൻ സ്ഥാനത്യാഗം ചെയ്യുന്നു എന്നുള്ളതായിരുന്നു ആ പ്രഖ്യാപനം. മോസ്കോയിലെ ജനങ്ങളെ ഇപ്പോഴും അതിരറ്റ് സ്നേഹിക്കുന്നുവെന്നും ആ സ്നേഹത്തിന് ഭാവിയിലും കുറവൊന്നും വരില്ലെന്നായിരുന്നു ആ പ്രഖ്യാപനത്തിന്റെ ഉള്ളടക്കം.
ഇവാന്റെ പ്രഖ്യാപനത്തിൽ പ്രഭുവർഗം അതിയായി സന്തോഷിച്ചുവെങ്കിലും മോസ്കോയിലെ ജനത ആ പ്രഖ്യാപനത്തെ അംഗീകരിച്ചില്ല. പ്രഭുവർഗത്തിന്റെ പീഡനങ്ങൾ നിരന്തരം അനുഭവിച്ചിരുന്ന മോസ്കോയിലെ ജനങ്ങൾ പ്രഭുവർഗത്തിന്റെ ശക്തനായ ശത്രുവായ ഇവാന്റെ തിരിച്ചുവരവിനായി മുറവിളി കൂട്ടി. അവർ പ്രഭുക്കന്മാർക്കെതിരെ ശക്തമായ കലാപം ആരംഭിച്ചു. ഒടുവിൽ ഗത്യന്തരമില്ലാതെ മതപുരോഹിതരും പ്രഭുക്കന്മാരും വേനൽക്കാല വസതിയിലെത്തി മാപ്പുപറഞ്ഞ് ഇവാനോട് അധികാരത്തിൽ തിരിച്ചുവരുവാൻ അഭ്യർഥിച്ചു. അധികാരം തന്റെ കൈകളിൽ പൂർണമായും ഭദ്രമാക്കുവാൻ വേണ്ടിയുള്ള ചില ശക്തമായ ഉപാധികൾ ഇവാൻ സന്ദർശക സംഘത്തിന് മുന്നിൽ അവതരിപ്പിച്ചു. ജനങ്ങൾ ഇവാനൊപ്പമായതിനാൽ പ്രഭുക്കന്മാർക്ക് ഇവാന്റെ ഉപാധികൾ അംഗീകരിക്കാതിരിക്കുവാൻ കഴിയുമായിരുന്നില്ല. അധികാരഭ്രമത്തെക്കാൾ മരണഭയമായിരുന്നു ആ അവസരത്തിൽ പ്രഭുവർഗത്തെ വേട്ടയാടിയിരുന്നത്.
[*] Also Read അമേരിക്കയുടെ പാചകവാതകം വാങ്ങിക്കൂട്ടാൻ ഇന്ത്യ; റഷ്യൻ എണ്ണയെ കൈവിട്ടാൽ വില കത്തുമെന്ന് പുട്ടിൻ, ഇടിഞ്ഞ് ഇറക്കുമതി
മടങ്ങിയെത്തിയ ഇവാന് മോസ്കോ ജനത വൻവരവേൽപ്പാണ് നൽകിയത്. തങ്ങൾ ചക്രവർത്തിക്കൊപ്പമാണെന്നവർ വിളിച്ചുപറഞ്ഞു. ജനങ്ങൾ തനിക്കൊപ്പമാണെന്നതിൽ ഇവാൻ ഏറെ സന്തോഷിച്ചു. പ്രഭുക്കന്മാർക്ക് കടിഞ്ഞാണിടുവാനുള്ള സമയമായെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു തന്നെ നിരന്തരം എതിർക്കുകയും ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്ന പ്രഭുക്കന്മാരുടെ നേതാക്കളെ വധിക്കുവാൻ അദ്ദേഹം കൽപന പുറപ്പെടുവിച്ചു. പ്രതിഷേധക്കാരായ പ്രഭുക്കന്മാരുടെ സ്വത്തുക്കളും കണ്ടുകെട്ടി. തന്റെ മേൽ സഭ പുലർത്തിക്കൊണ്ടിരിക്കുന്ന മേൽക്കോയ്മയും അവസാനിപ്പിക്കുന്നതായി ഇവാൻ പ്രഖ്യാപിച്ചു. ഇവാൻ മുൻപു വച്ച ഉപാധികളിൽ അധിഷ്‌ഠിതമായി ഈ തീരുമാനങ്ങൾക്ക് മുന്നിൽ നിശബ്ദം നോക്കിനിൽക്കുവാനേ എതിരാളികൾക്കു കഴിഞ്ഞുള്ളൂ.
പ്രഭുക്കന്മാരിൽനിന്നും ഭാവിയിൽ നേരിടുവാൻ സാധ്യതയുള്ള എതിർപ്പുകൾക്ക് കടിഞ്ഞാണിടുവാനായി രാജ്യത്തിലെ അധികാരത്തെ രണ്ടായി വിഭജിച്ച്. ഒപ്രിച്ച്നിന (Oprichnina) എന്ന പേരിൽ പ്രഭുക്കന്മാരുടെ സൈന്യത്തിനെതിരായി ഒരു സേന ഇവാൻ രൂപീകരിച്ചു. കിങ്കരസേന എന്നറിയപ്പെട്ട ഈ സൈന്യത്തിൽ ഉണ്ടായിരുന്നത് ചക്രവർത്തിയുടെ അനുചരന്മാരായിരുന്നു. പ്രവിശ്യകളുടെ ഭരണം പ്രഭുക്കന്മാരുടെ കൂട്ടായ്മയ്ക്ക് വിട്ടുകൊടുത്തു. എന്നാൽ വിദേശകാര്യവും സൈന്യവും ഇവാന്റെ നിയന്ത്രണത്തിലായിരുന്നു. ഈ ഒരു വിഭജനത്തിലൂടെയും ഒപ്രിച്ച് നീനയുടെ രൂപീകരണത്തിലൂടെയും ചക്രവർത്തി ലക്ഷ്യമിട്ടത് പ്രഭുക്കന്മാർക്കെതിരെ പോരാടുവാൻ ശക്തമായ ഒരു സേനയെ വാർത്തെടുക്കുക എന്നതായിരുന്നു.
[*] Also Read യുഎസ് തീരുവ: ഇന്ത്യയുടെ നഷ്ടം നികത്തുമെന്ന് പുട്ടിൻ; കൂടുതൽ കാർഷിക ഉൽപന്നങ്ങളും മരുന്നുകളും വാങ്ങാൻ നിർദേശം
1570ൽ വടക്കുപടിഞ്ഞാറൻ റഷ്യയിലെ നൊവ്ഗൊരോദ് നഗരത്തിലെ ജനങ്ങൾ പോളണ്ടുമായി ചേർന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു എന്ന് സംശയിച്ച ഇവാൻ ഒപ്രിച്ച്നിന സേനയോടൊപ്പം നഗരത്തിൽ പ്രവേശിച്ച് ശക്തമായ ആക്രമണങ്ങൾ അഴിച്ചുവിടുകയും അത് ഒരു ഭീകരകാഴ്ചയായി മാറുകയും ചെയ്തു. ആയിരക്കണക്കിന് സാധാരണ ജനങ്ങളും പുരോഹിതരുമാണ് ഇവാന്റെ നേതൃത്വത്തിൽ നടമാടിയ ഈ ഭീകരവാഴ്ചക്കാലത്ത്കൊലചെയ്യപ്പെട്ടത്.
ദുരന്തങ്ങളുടെ ഘോഷയാത്രയായിരുന്നു ഇവാന്റെ വ്യക്തിജീവിതം. തന്റെ സ്വഭാവത്തിന്റെ വൈകല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് കൂടെനിന്നിരുന്ന ആദ്യ ഭാര്യ അനസ്‌താസിയയുടെ അകാല വിയോഗ ശേഷം ഇവാൻ ആറ് വിവാഹങ്ങൾ കഴിച്ചു. എന്നാൽ ആ ഭാര്യമാരെല്ലാം ദുരൂഹ സാഹചര്യങ്ങളിലും അസുഖങ്ങളാലും മരണപ്പെടുകയാണുണ്ടായത്. ആദ്യഭാര്യ അനസ്താസിയക്ക് ആറ് ആൺമക്കൾ ഉണ്ടായിരുന്നുവെങ്കിലും ബാല്യത്തിൽ തന്നെ മൂന്നുപേർ മരിച്ചു. മറ്റൊരാൾ ഇരുപത്തി ആറാംവയസ്സിൽ ഇവാന്റെ അടിയേറ്റ് മരണപ്പെട്ടു. ഫിയോഡോർ ഇവാനോവിച്ച് എന്ന ഒരു മകൻ മാത്രമേ ആദ്യഭാര്യയിൽ ജീവനോടെ അവശേഷിച്ചുള്ളൂ, രണ്ടാംഭാര്യ മരിയ ട്രെവിയുറ്റോവ്നയുടെ മകൻ ശൈശവത്തിൽത്തന്നെ മരിച്ചു. ഇവാന്റെ അവസാന ഭാര്യയായി കരുതപ്പെടുന്ന മരിയ നാഗയയിൽ പിറന്ന മകനും എട്ടാമത്തെ വയസ്സിൽ മരിക്കുകയായിരുന്നു.
[*] Also Read ‘കനത്ത തീരുവ ചുമത്തിയത് ജനങ്ങൾ അംഗീകരിക്കില്ല’: ഇന്ത്യയുടെ നഷ്ടം നികത്തുമെന്ന് പുട്ടിന്റെ പ്രഖ്യാപനം
ഭയങ്കരനെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഇവാന്റെ വ്യക്തിജീവിതത്തിൽ നിരവധി ആരോപണങ്ങളാണ് ഉയർന്നുകേട്ടത്. അതിലൊന്ന് ഇവാൻ തന്റെ അനന്തരാവകാശിയായി കരുതിയിരുന്ന ആദ്യഭാര്യയിലെ രണ്ടാമത്തെ മകനെ അടിച്ചുകൊന്നു എന്നതാണ്. വിചിത്ര സ്വഭാവക്കാരനായ ഇവാൻ തന്റെ രണ്ടാമത്തെ മകന്റെ ഭാര്യയുടെ വസ്ത്രധാരണം ഇഷ്ടപ്പെടാത്തതിനാൽ പൊതിരെ തല്ലി. ഇതുകണ്ട ഇവാൻ ഇവാനോവിച്ച് എന്ന പേരുള്ള രണ്ടാമത്തെ മകൻ അച്ഛനോട് കയർത്തുവെന്നും ആ അവസരത്തിൽ കോപാധിക്യത്താൽ ഇവാൻ മകനെ അടിച്ചുകൊന്നു എന്നതായിരുന്നു കിംവദന്തി. രണ്ടാംഭാര്യ മരിയ മരണപ്പെട്ടപ്പോൾ, ഇവാൻ ഭാര്യയെ വിഷം കൊടുത്തു കൊല്ലുകയായിരുന്നു എന്ന കിംവദന്തിയും അക്കാലത്ത്പ്രചാരമുണ്ടായിരുന്നു. വാമൊഴിപറച്ചിലുകൾക്കുമപ്പുറം ഇവയ്ക്കൊന്നും ആധികാരികമായ തെളിവുകളൊന്നും ഉണ്ടായിരുന്നില്ല.
ശത്രുസ്ഥാനത്ത് സംശയിച്ച സർവരെയും കൊന്നൊടുക്കുമ്പോഴും തുടർന്നുണ്ടാകുന്ന പശ്ചാത്താപങ്ങളിലൂടെയും പ്രായശ്ചിത്തങ്ങളിലൂടെയും ഇവാൻ തന്റെ വിചിത്ര സ്വഭാവം പ്രകടമാക്കിക്കൊണ്ടിരുന്നു. ഓരോ പ്രാവശ്യം കൊലപാതകങ്ങൾ നടത്തിക്കഴിയുമ്പോഴും ഇവാൻ വിഷാദത്തിലേക്ക് വഴുതി വീഴുമായിരുന്നു. ഇത്തരം അവസരങ്ങളിൽ താൻ കൊന്നവരുടെ പേരുവിവരങ്ങൾ സഹിതം സന്യാസ ആശ്രമങ്ങൾക്ക് അയച്ചുകൊടുക്കുമായിരുന്നു. മരിച്ചവരുടെ ആത്മശാന്തിക്കുവേണ്ടി സന്യാസ സമൂഹം പ്രാർഥിക്കുവാൻ വേണ്ടിയായിരുന്നു ഇങ്ങനെ ചെയ്‌തിരുന്നത്. പുരോഹിതന്മാരോട് കലഹിക്കുമ്പോൾ സന്യാസ ആശ്രമങ്ങൾ നശിപ്പിക്കുകയും പതിവായിരുന്നു എന്നാൽ കോപം ശമിക്കുമ്പോൾ പകരം പുതിയ ആശ്രമങ്ങൾ പണിതു നൽകുകയും ചെയ്യും. ഒരിക്കൽ മോസ്കോയിലെ ഭദ്രാസനപള്ളിയിൽ പ്രാർത്ഥനയ്ക്കായെത്തിയ ഇവാൻ ഫിലിപ്പ് മെത്രാപ്പോലീത്തയുടെ അനുഗ്രഹം ചോദിച്ചു എങ്കിലും മെത്രാപ്പോലീത്ത വിസമ്മതം പ്രകടിപ്പിച്ചു. ഒപ്രിച്ച്നിന കിങ്കരസേന നടത്തിക്കൊണ്ടിരുന്ന ക്രൂരതകളായിരുന്നു നീരസത്തിനും വിസമ്മതത്തിനും കാരണം. ആശീർവാദം കിട്ടാതായതോടെ തിരികെപ്പോയ ഇവാൻ കോപാധിക്യം സഹിക്കാതെ ഒപ്രിച്ച്‌നിന കിങ്കരസേനയെ അയച്ച് മെത്രാപ്പോലീത്തയെ പിടികൂടി ചുട്ടുകൊല്ലുകയായിരുന്നു.
[*] Also Read ‘സമചിത്തതയുള്ള, സമർഥനായ നേതാവ്’: മോദിയെ പുകഴ്‌ത്തി വ്ലാഡിമിർ പുട്ടിൻ; യുഎസിന് നിശിത വിമർശനം
സ്വഭാവ വൈചിത്യങ്ങൾ ഏറെയുണ്ടെങ്കിലും ബുദ്ധിമാനും ശക്തനുമായ ഭരണാധികാരിയായാണ് റഷ്യയിലെ സാർ പരമ്പരയിലെ ആദ്യ ചക്രവർത്തിയായ ഇവാൻ നാലാമനെ ചരിത്രകാരന്മാർ വിലയിരുത്തുന്നത്. ഒരു പ്രാദേശിക രാഷ്ട്രമായ റഷ്യയെ റഷ്യൻ സാമ്രാജ്യമായി പടുത്തുയർത്തിയത് ഇവാൻ നാലാമൻ ആയിരുന്നു. അര നൂറ്റാണ്ട് കാലത്തെ ഇദ്ദേഹത്തിന്റെ ഭരണ കാലത്ത് റഷ്യ വലിയ സാമ്രാജ്യമായി വളർന്നു കഴിഞ്ഞിരുന്നു. റഷ്യയുടെ വിസ്തീർണ്ണം ഇവന്റെ കാലത്ത് ഓരോ ദിനവും 50 ചതുരശ്രമൈൽ എന്ന നിലയിൽ വർദ്ധിച്ചുകൊണ്ടിരുന്നത്രെ. റഷ്യയിൽ ജന്മിത്ത സമ്പ്രദായം ആരംഭിച്ചത് ഇവാൻ ചക്രവർത്തിയായിരുന്നു. 1584 ൽ ഇവാൻ നാലാമൻ മരിക്കുമ്പോൾ ആ മരണം പോലും വിവാദത്തിലായി.
അനന്തരാവകാശിയായ മകൻ ഇവാൻ ഇവാനോവിച്ച് തന്റെ അടിയേറ്റ് മരിച്ചതിൽ അദ്ദേഹം ഏറെ ദുഃഖിച്ചു. കോപാവേശത്തിൽ സംഭവിച്ച കയ്യബദ്ധത്തെ ഓർത്ത്പരിതപിച്ച ഇവാൻ മകന്റെ ആത്മശാന്തിക്കുവേണ്ടി നിരവധി പ്രാർത്ഥനകൾ സന്യാസസഭകളെക്കൊണ്ടു നടത്തി. മകന്റെ മരണശേഷം മൂന്നുവർഷം മാത്രമേ ഇവാൻ നാലാമൻ ജീവിച്ചിരുന്നുള്ളൂ. ഇക്കാലയളവിൽ ശരീരത്തിൽനിന്നും കടുത്ത ദുർഗന്ധം വമിക്കുന്ന വിചിത്രരോഗം അദ്ദേഹത്തെ ബാധിച്ചു. 1584 മാർച്ച് 28 ന് പ്രഭുക്കന്മാരിലൊരാളായ ബോറിസ് ഗോഡുനോവുമൊത്ത് ചതുരംഗം കളിച്ചുകൊണ്ടിരിക്കവേ ഇവാന് വിഷം കൊടുത്തു കൊല്ലുകയായിരുന്നു എന്ന കിംവദന്തിയും ഇവാന്റെ മരണ വാർത്തയോടൊപ്പം റഷ്യയിലാകെ പരന്നു. ഭയങ്കരനെന്ന് ഇവാൻ വിശേഷിക്കപ്പെട്ടതുതന്നെ അമിതമായ കാര്യപ്രാപ്തിയുള്ള ആൾ എന്ന അർത്ഥത്തിലായിരുന്നു. ആ വിശേഷണത്തിൽ തുടങ്ങി ജീവിതത്തിന് തിരശീല വീഴുംവരെയും വിവാദങ്ങളും കിംവദന്തികളും അദ്ദേഹത്തെ പിന്തുടർന്നിരുന്നു. അദ്ദേഹത്തിന്റെ സ്വഭാവ വൈചിത്രങ്ങൾ തന്നെയാകാം അവയുടെ കാരണങ്ങൾ എന്നാണ് ചരിത്രകാരന്മാരുടെ അനുമാനം.
[*] Also Read റഷ്യ കടലാസ് പുലിയെങ്കിൽ, നിങ്ങളോ? ട്രംപിനെതിരെ ആഞ്ഞടിച്ച് പുട്ടിൻ, അമേരിക്കയ്ക്ക് ഇരട്ടത്താപ്പ്, തീരുവയുദ്ധം ‘ബൂമറാങ്’ ആകുമെന്നും മുന്നറിയിപ്പ്
ഇവാൻ നാലാമന്റെ മരണശേഷം ഇളയമകൻ ഫിയോഡോർ ഇവാനോവിച്ച് (Feodor Ivanovich) 1584ൽ റഷ്യയുടെ ചക്രവർത്തിയായി അവരോധിക്കപ്പെട്ടു. മൂത്ത മകൻ ഇവാൻ ഇവാനോവിച്ചിനെയായിരുന്നു ഇവാൻ നാലാമൻ അനന്തരാവകാശിയായി കണ്ടിരുന്നതെങ്കിലും അദ്ദേഹത്തിന്റെ മുൻകോപത്തിന് പാത്രമായി ഇവാൻ ഇവാനോവിച്ച് കൊല്ലപ്പെട്ടതിനാൽ ആ ആഗ്രഹം നടക്കാതെ പോയി. മാത്രവുമല്ല ഇവാൻ ഇവാനോവിച്ചിനോളം കഴിവുള്ള വ്യക്തിയായിരുന്നില്ല ഫിയോഡോർ ഇവാനോവിച്ച്. രാജ്യ ഭരണത്തിൽ അദ്ദേഹത്തിന് വലിയ താല്പര്യവും ഇല്ലായിരുന്നു. ഭാര്യ ഐറീനയുടെ (അപരനാമം അലക്‌സാന്ദ്ര) സഹോദരനായ ബോറിസ്‌ഗോഡുനോവ് (Boris Godunov) ആയിരുന്നു ഭരണം നിയന്ത്രിച്ചിരുന്നത്. രാജകല്പനകളിൽ ഒപ്പിട്ടിരുന്നത് ഐറിന ആയിരുന്നു.
ഭക്തിയിൽ അമിത താല്പര്യമുണ്ടായിരുന്നു ഫിയോഡോർ ഏറെ സമയവും ചെലവിട്ടിരുന്നത് പള്ളികളിൽ ആയിരുന്നു. പ്രാർഥനകളിലും ധ്യാനങ്ങളിലും പങ്കെടുത്തുകൊണ്ട് അദ്ദേഹം രാജ്യഭരണം എന്ന ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കുവാൻ പരമാവധി ശ്രമിച്ചു. ബുദ്ധിവികാസമില്ലായ്മ കൊണ്ടായിരുന്നു അദ്ദേഹം രാജ്യഭരണത്തിൽ നിന്നും ഒഴിഞ്ഞു നിന്നിരുന്നതെന്നും പറയപ്പെടുന്നു. ദീർഘനാളത്തെ ദാമ്പത്യജീവിതത്തിനിടയിൽ അദ്ദേഹത്തിന്കുട്ടികളും ജനിച്ചിരുന്നില്ല. 1598 ജനുവരി 17 ന് നാല്പതാം വയസ്സിൽ ഫിയോഡോർ മരിച്ചു. തുടർന്ന് ടക്രവർത്തിയായത് ബോറിസ് ഗോഡുനോവ് ആയിരുന്നു. ഫിയോഡറിന് അനന്തര അവകാശിയായി അടുത്ത തലമുറയിൽ ആരും ഇല്ല എന്ന അവസരം മുതലെടുത്തുകൊണ്ടായിരുന്നു ഗോഡുനോവ് അധികാരം പിടിച്ചെടുത്തത്. ഇതോടെ റൂറിക് രാജവംശത്തിന്റെ റഷ്യയിലെ പിന്തുടർച്ച അവസാനിക്കുകയായിരുന്നു.
(തുടരും) English Summary:
Ivan the Terrible, also known as Ivan IV, was a pivotal figure in Russian history, unifying fragmented regions into a great empire. His reign was marked by a complex personality, displaying both gentleness and extreme cruelty, with some historians linking his rage to severe spinal pain.
页:
[1]