ആത്മഹത്യാ നിരക്ക് കേരളം മൂന്നാമത്; സ്ത്രീകൾക്കെതിരായ കുറ്റകൃത്യം കേരളത്തിൽ കൂടി
https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2023/3/13/suicide-woman-representational-image.jpg?w=1120&h=583ന്യൂഡൽഹി ∙ ആത്മഹത്യാ നിരക്കിൽ കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്ത്. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ(എൻസിആർബി) 2023ലെ വാർഷിക കണക്കനുസരിച്ചു കേരളത്തിലെ നിരക്ക് 30.6 ആണ്. ഒരു ലക്ഷത്തിൽ എത്ര പേർ എന്ന നിലയിലാണ് ആത്മഹത്യാ നിരക്കു കണക്കുകൂട്ടുന്നത്.
ഒന്നാം സ്ഥാനത്തു നിൽക്കുന്ന ആൻഡമാന്റെ നില 49.6 ആണെങ്കിൽ രണ്ടാം സ്ഥാനത്തുള്ള സിക്കിം 40.2 ആണ്. പോണ്ടിച്ചേരി(28), തെലങ്കാന(27.7) എന്നിവയാണു തൊട്ടടുത്ത സ്ഥാനങ്ങളിൽ. ദേശീയനിലയെക്കാൾ ഏറെ ഉയർന്നാണു കേരളം.
2021ൽ 26.9 എന്ന നിരക്കുമായി അഞ്ചാം സ്ഥാനത്തായിരുന്നു കേരളം. ദേശീയനില അന്ന് 12 ആയിരുന്നു. 2022ൽ ദേശീയനില 12.4 ആയപ്പോൾ കേരളത്തിന്റെ നില 28.5 ആയി ഉയർന്നു; നാലാം സ്ഥാനത്തുമായി. 2023ൽ 12.3 ആണ് ദേശീയനില.
രാജ്യത്ത് 2023ൽ ആകെ 1,71,418 പേരാണ് ആത്മഹത്യ ചെയ്തത്. ഇതിൽആറാമതാണു കേരളം– 10,972 പേർ; 6.4%. മഹാരാഷ്ട്ര(13.2%), തമിഴ്നാട്(11.4%), മധ്യപ്രദേശ്(9.1%), കർണാടക(7.8%), ബംഗാൾ(7.5%) എന്നീ സംസ്ഥാനങ്ങളാണു കേരളത്തിനു മുന്നിൽ.
ആരോഗ്യപ്രശ്നങ്ങളെ തുടർന്നു രാജ്യത്തു ജീവനൊടുക്കുന്നവർ 19% ആണെങ്കിൽ കേരളത്തിൽ ഇത് 21.9% എന്നതാണു നില. കേരളത്തിൽ 2405 പേരാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്നു ജീവനൊടുക്കിയത്. കുടുംബപ്രശ്നങ്ങളെ തുടർന്നു ആത്മഹത്യ ചെയ്യുന്നവർ രാജ്യത്ത് 31.9% ആണ്. കേരളത്തിലെ നില 43.1%. കേരളത്തിൽ 4724 പേരാണു ജീവനൊടുക്കിയത്.
തൊഴിലില്ലാത്ത യുവാക്കൾ ജീവനൊടുക്കുന്നതിൽ കേരളമാണു രാജ്യത്ത് ഒന്നാമത്. 2191 പേർ. മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത് 2070 പേർ. കൂട്ടആത്മഹത്യകളുടെ എണ്ണത്തിൽ കേരളം രണ്ടാമതാണ്; 17 കേസുകൾ. ഒന്നാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ 58 കേസുകളും മൂന്നാം സ്ഥാനത്തുള്ള രാജസ്ഥാനിൽ 12 കേസുകളും റിപ്പോർട്ട് ചെയ്തു.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യം കേരളത്തിൽ കൂടി; കൂടുതൽ പീഡനം ഭർത്താവിൽനിന്നും ബന്ധുക്കളിൽനിന്നും
ന്യൂഡൽഹി ∙ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കേരളത്തിൽ വർധിച്ചുവെന്ന് എൻസിആർബിയുടെ (നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ) 2023ലെ രേഖകൾ വ്യക്തമാക്കുന്നു. 2021ൽ 13,539 കേസുകളാണു റജിസ്റ്റർ ചെയ്തിരുന്നതെങ്കിൽ 2023ൽ ഇതു 16,025 ആയി. സ്ത്രീകൾക്കെതിരെ രാജ്യമാകെ റജിസ്റ്റർ ചെയ്തതു 4,48,211 കേസുകൾ. 2021ൽ ഇതു 4,28,278 ആയിരുന്നു. 2022ൽ 4,45,256 കേസുകളാണു റജിസ്റ്റർ ചെയ്തത്.
സ്ത്രീകൾക്കെതിരെ റജിസ്റ്റർ ചെയ്ത ആകെ കേസുകളിൽ 29.8% ഭർത്താവിൽ നിന്നും ബന്ധുക്കളിൽ നിന്നുമുള്ള അതിക്രമങ്ങളുമായി ബന്ധപ്പട്ടാണ്. കേരളത്തിൽ 4832 കേസുകളാണു ഈ ഗണത്തിൽ റജിസ്റ്റർ ചെയ്തിരിക്കുന്നത്.
സൈബർ കുറ്റകൃത്യങ്ങളിൽ രാജ്യത്താകെ 31.2% വർധനയാണുണ്ടായത്. ആകെ 86,420 കേസുകൾ റജിസ്റ്റർ ചെയ്തു. 2022ൽ ഇതു 65,893 ആയിരുന്നു. കേരളത്തിൽ 2022ൽ 773 സൈബർ കുറ്റകൃത്യങ്ങളാണു റജിസ്റ്റർ ചെയ്തിരുന്നതെങ്കിൽ 2023ൽ ഇതു 3295 ആയിട്ടാണു വർധിച്ചത്.
രാജ്യത്തെ കൊലപാതകക്കേസുകളിൽ 2023ൽ കുറവുണ്ടായി. അതേസമയം കേരളത്തിൽ വർധിച്ചു. 2022ൽ 334 ആയിരുന്നതു 2023ൽ 352 ആയി. കേരളത്തിലെ സംഭവങ്ങളിൽ 158 എണ്ണവും വ്യക്തിവൈരാഗ്യം കാരണമായിരുന്നു; 8 കൊലപാതകങ്ങൾക്കു കാരണം പ്രണയവും. 6 എണ്ണത്തിനു കാരണം അവിഹിതബന്ധങ്ങളായിരുന്നു. English Summary:
Kerala Ranks Third in Suicide Rate, First in Unemployed Youth Suicides: NCRB 2023 Report Reveals Alarming Trends
页:
[1]